ജയിലിലെ മര്‍ദ്ദനം; പാക് പൗരന്‍ സനാനുളള മരിച്ചു

ഈ മാസം മൂന്നിനാണ് സനാനുള്ള ഖാനെ ജമ്മു ജയിലിലെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ചണ്ഡീഗഡിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. സനാനുള്ളയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഭീകരവാദ കുറ്റം ചുമത്തി 1999 ഏപ്രിലിലായിരുന്നു സനാനുള്ള രഞ്ജയെ അറസ്റ്റ് ചെയ്തത്.
പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് സരബ്ജിത് സിങ് എന്ന ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് സനാനുള്ള ആക്രമിക്കപ്പെട്ടത്. സനാനുള്ളയെ ആക്രമിച്ച കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള വിനോദ് കുമാറിനെതിരേ കേസെടുത്തിട്ടുണ്ട്. സരബ്ജിത് സിങിന്റെ മരണവാര്‍ത്തയറിഞ്ഞ് അസ്വസ്ഥനായ വിനോദ് കുമാര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സനാനുള്ളയെ ആക്രമിക്കുകയായിരുന്നു.
സരബ്ജിത് സിങിനെതിരേ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ രാജ്യത്തെ ജയിലുകളിലുള്ള പാക് തടവുകാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സനാനുള്ള ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ വരുന്ന പാകിസ്ഥാനികള്‍ ജാഗ്രതി പാലിക്കണമെന്ന് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications