പാകിസ്താനില്‍ നവാസ് ഷെരീഫ് തിരിച്ചെത്തും

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ തൊട്ടുപിറകെ ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഷെരീഫിന്റെ പാര്‍ട്ടിയും മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ തെഹ്‌രിക്-ഇ-ഇന്‍സാഫും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മത്സരിച്ച 272 മണ്ഡലങ്ങളില്‍ 119 എണ്ണത്തിലും നവാസ് ഷെരീഫിന്റെ പാര്‍ട്ടി മുന്നിലാണ്. കഴിഞ്ഞ ദേശീയ സഭയില്‍ 124 അംഗങ്ങളുണ്ടായിരുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് ഇംറാന്റെ പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്.
തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കിയതായി നവാസ് ഷെരീഫിന്റെ പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനായതാണ് ഈ അവകാശവാദത്തിനു കാരണം. ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മൂന്നാം തവണയായിരിക്കും ഷെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നത്. 1999ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് ഷെരീഫിന് ഭരണം നഷ്ടമായത്. തുടര്‍ന്ന് ദീര്‍ഘകാലം ജയിലിലും പിന്നെ നാടുകടത്തലിനും വിധേയനായി.
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ഷെരീഫ്. പാകിസ്താനിലെ പഞ്ചാബ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തെഫാഗ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രിയുടെ അധിപനാണ്. നവാസ് ഷെരീഫിന്റെ പിതാവ് മുഹമ്മദ് ഷെരീഫാണ് കമ്പനി സ്ഥാപിച്ചത്. 4000 കോടി ഡോളറിലധികം വാര്‍ഷികവിറ്റുവരവുള്ള ഗ്രൂപ്പാണിത്.












Click it and Unblock the Notifications