ശ്രീശാന്തിനില്ലാത്ത എന്ത് പ്രത്യേകതയാണ് ലാലിന്
തിരുവനന്തപുരം: കാരുണ്യ ലോട്ടറി പരസ്യത്തില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണം എന്ന വാദം ന്യായമല്ലേ. ഒത്തുകളിക്കേസില്‍ പിടികൂടിയ ശ്രീശാന്തിനെ ഒഴിവാക്കിയ പോലെ ആനക്കൊമ്പ് കേസില്‍ കുറ്റാരോപിതനായ മോഹന്‍ലാലിനെയും ഒഴിവാക്കണം എന്ന പരാതിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തുന്നത്. ശ്രീശാന്തിന് പുറമേ മോഹന്‍ലാലിനെയും കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് പരാതി.
ഹര്ജിക്കാരന് പറയുന്ന സംഭവം ശരിയാണ് എന്ന് സംശയിച്ചാലും തെറ്റുപറയാനില്ല. കാരണം, ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ അറസ്റ്റുചെയ്ത അന്ന് തന്നെ മന്ത്രി കെ എം മാണി പ്രഖ്യാപിച്ചിരുന്നു ശ്രീയെ കാരുണ്യ പരസ്യത്തില്‍ നിന്നും ഒഴിവാക്കും എന്ന്. ടീമിനെയും സഹ കളിക്കാരെയും വഞ്ചിച്ച ഒരാളെ കാരുണ്യ ലോട്ടറി പോലെ പവിത്രമായ ഒരു സംരംഭത്തിന്റെ പ്രചാരകനാക്കുന്നത് ശരിയല്ല എന്നായിരുന്നു മാണിയുടെ ന്യായം.
ശ്രീശാന്തുമായുള്ള കരാര്‍ റദ്ദാക്കുന്നതായും അന്ന തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെതിരെ എന്തുകൊണ്ടാണ് ഇതേ ന്യായം മന്ത്രി പറയാത്തത്. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ ഒഴിവാക്കുമെന്നും കരാര്‍ റദ്ദാക്കുമെന്നും ബഹുമാനപ്പെട്ട മന്ത്രി പറയാത്തത്.
മോഹന്‍ലാലിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസാണ് പരാതി നല്കിയ. ധനകാര്യമന്ത്രി കെ എം മാണിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ സര്‍ക്കാര്‍ ചടങ്ങുകളിലും പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് എബി ജെ ജോസ്.