കാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ടത് 8 ജവാന്മാര്‍
ശ്രീനഗര്‍: ഭീകരാക്രമണം നടത്തിയ കാശ്മീരിലെ ശ്രീനഗറില്‍ സ്ഥിതി ശാന്തം.മേഖലയിലെ സുരക്ഷാ ചുമതല സൈനികര്‍ ഏറ്റെടത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ശ്രീനഗറില്‍ വന്‍ ഭീകരാക്രമണം നടന്നത്. ഭീകരപ്രവര്‍ത്തകര്‍ സൈനികവാഹനവ്യൂഹത്തിനു നേരെ നടത്തിയ വെടിവെയ്പ്പില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ശ്രീനഗര്‍ നഗരത്തിനടുത്ത് ഹൈദര്‍പൊരയില്‍ എയര്‍പോര്‍ട്ട്, ലാല്‍ചൗക് ദേശീയപാതിലെ സ്വകാര്യാശുപത്രിക്ക് മുമ്പിലായിരുന്നു ആക്രമണം.

ബഡ്ഗാമിലെ ബേസ് ക്യാമ്പിലേക്ക് പോവുകയായിരുന്ന 35 രാഷ്ട്രീയ റൈഫിള്‍സ് സംഘമാണ് വിദ്യര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്ത ബൈക്കില്‍ എത്തിയ രണ്ടംഗ ഭീകരപ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. റോഡിന്റെ ഇരുവശത്തു നിന്നുമായി ആക്രമികള്‍ 12 റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് സൈനികര്‍ മേഖല വളയുമ്പോഴേക്കും ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ച ഭീകരരെ ചെക് പോസ്റ്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് ആക്രമികള്‍ ഗ്രാനേഡ് ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് കോണ്‍സ്റ്റബിളിനും ഒരു വഴിയാത്രക്കാരിക്കും പരിക്കേറ്റു.
സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടയില്‍ ഭീകരപ്രവര്‍ത്തകരുടെ വക്താവെന്ന് സ്വയം പരിചയപ്പെടുത്തിയ ബാലിഗുദ്ദീന്‍ എന്നയാള്‍ കൂടുതല്‍ സംഘങ്ങളെ ആക്രമണത്തിനായി നിയോഗിച്ചിട്ടുണ്ടന്നും ഇതുപോലുള്ള ആക്രമങ്ങള്‍ ഭാവിയില്‍ ഇനിയും പ്രതീക്ഷിക്കാം എന്നും വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.
ശ്രീനഗറില്‍ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷ സേണിയാഗാന്ധിയുടെയും തിങ്കളാഴ്ച്ചത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications