• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തലസ്ഥാനത്ത് ജനസാഗരം

സെക്രട്ടറിയേറ്റിന് രണ്ടു ദിവസം അവധി

9.52: സെക്രട്ടറിയേറ്റിന് രണ്ടു ദിവസം അവധി നല്‍കുന്നതായ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും അവധി നല്‍കുന്നതോടെ സമരത്തിന്റെ തീഷ്ണത കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യാഴാഴ്ച സ്വാതന്ത്ര്യദിനചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്ന പ്രതീക്ഷയും സര്‍ക്കാറിനുണ്ട്. പലത്തില്‍ അവധി തന്ത്രവുമായി സര്‍ക്കാര്‍

ഉപരോധസമരം തുടരുന്നു

7.10: ഇടതുമുന്നണി ആഹ്വാനം ചെയ്ത അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധസമരം തുടരുന്നു. സമരം അക്രമാസക്തമായെങ്കിലും നേതാക്കള്‍ ഇടപെട്ട് അണികളെ ശാന്തരാക്കുകയായിരുന്നു.

വിഎസിനും പിണറായിക്കുമെതിരേ കേസില്ല: തിരുവഞ്ചൂര്‍

7.00: വിഎസിനും പിണറായിക്കുമെതിരേ കന്റോണ്‍മെന്റ് പോലിസ് കേസെടുത്തുവെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് തിരുവഞ്ചൂര്‍

യുഡിഎഫ് മന്ത്രിമാരും നേതാക്കളും യോഗം ചേരുന്നു

6.40: എല്‍ഡിഎഫ് സമരത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ യുഡിഎഫ് മന്ത്രിമാരും നേതാക്കളും യോഗം ചേരുന്നു. യോഗത്തില്‍ ജെഎസ്എസും കേരള ജേക്കബ് വിഭാഗവും പങ്കെടുക്കുന്നില്ല.

അണികള്‍ അച്ചടക്കം പാലിക്കണം: പിണറായി

4.35: സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ പങ്കെടുക്കുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നന് പിണറായി വിജയന്‍. സഹനസമരമാണ് ഇടതുമുന്നണിയുടെതെന്ന് അദ്ദേഹം പറഞ്ഞു. പല രീതിയിലും പ്രകോപനമുണ്ടാകും. കെണിയില്‍ വീഴരുതെന്ന് സിപിഎം നേതാവ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സെക്രട്ടറിയേറ്റിനുള്ളിലുള്ള ജീവനക്കാര്‍ പോലിസ് വാഹനങ്ങളില്‍ പുറത്തേക്ക്

3.48: ജോലിക്കെത്തിയ ജീവനക്കാരെ പോലിസ് ബസ്സുകളില്‍ പുറത്തേക്ക് കൊണ്ടു പോകുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും ജീവനക്കാരെയെത്തിക്കാനാണ് പരിപാടി.

പിണറായിയും കൊടിയേരിയും ബേക്കറി ജങ്ഷനില്‍

3.40: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ബേക്കറി ജങ്ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും എത്തി. നാലാം ഗേറ്റിന്റെ നിയന്ത്രണം ഇപ്പോഴും പോലിസിനാണ്.

കോടതി ഇടപെടുന്നു

3.35: ഉപരോധസമരം മറികടക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഉപരോധത്തില്‍ പങ്കെടുത്ത വിഎസിനെതിരേ കേസ്

2.46: സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഒന്നാം പ്രതി. കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തത്.

ഉപരോധത്തിനിടെ കല്ലേറ്, ബേക്കറി ജങ്ഷനില്‍ സംഘര്‍ഷം

2.33: പോലിസുകാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ തിരിഞ്ഞിരിക്കുന്നു. ബേക്കറി ജങ്ഷനിലെ ഫ്‌ളൈ ഓവറിനുമുകളില്‍ നിന്നുമാണ് കല്ലേറുണ്ടായത്. പ്രവര്‍ത്തകരും പോലിസുമായി ഏത് സമയവും ഏറ്റുമുട്ടല്‍ നടക്കുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കൈയേറ്റം

2.18: ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

മദ്യനിരോധനത്തിനെതിരേ ബാറുടമകള്‍ കോടതിയില്‍

1.37: ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് മദ്യനിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു

സെക്രട്ടറിയേറ്റിലെ ഹാജര്‍ 25.84 ശതമാനം

1.00 ജീവനക്കാര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന ഉത്തരവുണ്ടായിട്ടും 25 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് സെക്രട്ടറിയേറ്റിലെത്തിയത്. 3099 ജീവനക്കാരില്‍ ആയിരത്തോളം പേര്‍ മാത്രമാണെത്തിയത്.

ബേക്കറി ജങ്ഷനില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

12.45: കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള റോഡില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്നു.

സമരം സമാധാനപരം: എഡിജിപി

12.30: ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായെങ്കിലും സമരം സമാധാനപരമാണെന്ന് എഡിജിപി

സമരക്കാര്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക്

11.50: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക് നീങ്ങുന്നു. ഈ ഗേറ്റ് ഒഴികെ ബാക്കിയെല്ലാം വഴികളും സമരാനുകൂലികള്‍ നേരത്തെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കുന്നത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന കാര്യം ഉറപ്പാണ്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരിക്കാന്‍ തുടങ്ങി.

പോലിസ് വാഹനം അടിച്ചു തകര്‍ത്തു

11.45: സെക്രട്ടറിയേറ്റ് ജീവനക്കാരുമായെത്തിയ പോലിസ് വാഹനം സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന്റെ മൂന്നു കവാടവും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. അകത്തുള്ള മന്ത്രിമാരെ പുറത്തുവിടില്ലെന്ന് ഇടതുപക്ഷ നേതാക്കള്‍ പ്രഖ്യാപിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടി വൈകീട്ട്

11.40: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പീപ്പിള്‍ ടിവി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് വൈകുന്നേരം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി. ചാണ്ടിയും സരിതയും ഒന്നിച്ചുള്ള ചിത്രം ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

വെള്ളയമ്പലത്ത് കല്ലേറ്, പോലീസ് ഡ്രൈവര്‍ക്ക് പരിക്ക്

11.25: ഇടത് ഉപരോധക്കാര്‍ വെള്ളയമ്പലത്ത് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. രാവിലെ ബേക്കറി ജംഗ്ഷനില്‍വെച്ച് മന്ത്രിമാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസും ഉപരോധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

സമരവേദിയില്‍ ദേവഗൗഡയും കാരാട്ടും

11.00: എല്‍ ഡി എഫ് ഉപരോധത്തിന് ആവേശമായി ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ സമരപ്പന്തലിലെത്തി. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരും എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നു

10.45: പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു. എല്‍ ഡി എഫ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ നിഖില്‍കുമാറുമായി ചര്‍ച്ച നടത്തുന്നത്.

മന്ത്രിമാരെ പുറത്തെത്തിച്ചു; ക്ലിഫ് ഹൗസില്‍ ചര്‍ച്ച തുടങ്ങി

10.17: ഉപരോധക്കാരുടെ പ്രതിഷേധത്തിനിടെ മന്ത്രിമാരെ പുറത്തെത്തിച്ചു. കനത്ത സുരക്ഷയോടെയാണ് ഇവരെ പുറത്തെത്തിച്ചത്. പുറത്തെത്തിയ മന്ത്രിമാര്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ആരംഭിച്ചു.

മന്ത്രിമാരെ തടഞ്ഞു; അകത്ത് കയറിയവരെ പുറത്തുവിടില്ല

10.05: ബേക്കറി ജംഗ്ഷനില്‍വെച്ച് മന്ത്രിമാരെ സമരക്കാര്‍ തടഞ്ഞു. കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ശിവകുമാര്‍ എന്നിവരെയാണ് ഉപരോധക്കാര്‍ തടഞ്ഞത്. വാഹനങ്ങല്‍ പോലീസ് വഴിതിരിച്ചുവിട്ടാണ് മന്ത്രിമാരെ സെക്രട്ടറിയറ്റില്‍ എത്തിച്ചത്. എന്നാല്‍ അകത്തുകയറിയ മന്ത്രിമാരെ പുറത്തേക്ക് വിടില്ലെന്നാണ് ഉപരോധക്കാര്‍. പുറത്തിറങ്ങാന്‍ ശ്രമിച്ച മന്ത്രിമാര്‍ സെക്രട്ടറിയറ്റില്‍ തിരിച്ചുകയറി.

മുഖ്യമന്ത്രിയെ തടയാനും ശ്രമം

9.45: മുഖ്യമന്ത്രിയെ തടയാനും സമരക്കാര്‍ ശ്രമം നടത്തി. ബേക്കറി ജംഗ്ഷനില്‍വെച്ചാണ് സമരക്കാര്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം നടത്തിയത്.

സരിതയെ അറിയില്ലെന്ന ചാണ്ടിയുടെ വാദം പൊളിയുന്നു

8.55: സോളാര്‍ കേസില്‍ കുറ്റാരോപിതയായ സരിതയെ അറിയില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉപരോധ സമരത്തില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വിഎസ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തി.

നാലു ഗേറ്റുകളും ഉപരോധിക്കും, കേന്ദ്രസേന സെക്രട്ടറിയേറ്റില്‍

8.20: ഉപരോധസമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞാല്‍ നാലുഗേറ്റുകളും ഉപരോധിക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പ്രഖ്യാപിച്ചു. സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രക്ഷോഭപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.

കേന്ദ്രസേനയെ വിന്യസിപ്പിക്കില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയി. സെക്രട്ടറിയേറ്റിനുള്ളിലെ സുരക്ഷാച്ചുമതലയ്ക്ക് കേന്ദ്രസേനയുടെ സഹായം തേടിയിട്ടുണ്ട്.

മുഖ്യമന്ത്രി ഇന്ന് വൈകീട്ട് ഗവര്‍ണറെ കാണും

8.10: ആറരയോടെ വന്‍ പോലിസ് സന്നാഹത്തിലാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തിയത്. ഒമ്പത് മണിക്ക് ചേരുന്ന മന്ത്രിസഭായോഗം സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചേക്കും. എന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവെച്ചുള്ള അന്വേഷണം മാത്രമേ അംഗീകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപരോധ സമരം തുടങ്ങി

7.55: ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധസമരം തുടങ്ങി. ദേശീയ നേതാക്കളെത്താന്‍ വൈകുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം പത്തുമണിയ്ക്ക് മാത്രമേയുണ്ടാകൂവെന്ന് നേതാക്കള്‍ അറിയിച്ചു.

പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക് നീങ്ങി തുടങ്ങി

7.15: ഉപരോധസമരത്തില്‍ പങ്കെടുക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നീങ്ങി തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം എട്ടുമണിയ്ക്ക്. ദേശീയ നേതാക്കള്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലെത്തി

6.45: മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരും ഏതാനും ജീവനക്കാരും സെക്രട്ടറിയേറ്റിലെത്തി കഴിഞ്ഞു. ആദ്യമായി എത്തിയത് കൃഷിമന്ത്രി കെപി മോഹനനാണ്. തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഫിസിലെത്തി. ഉപരോധം തുടങ്ങുന്നതിനു മുമ്പ് പരമാവധി പേരെ സെക്രട്ടറിയേറ്റിനുള്ളിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി ആഹ്വാനം ചെയ്ത അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും. റോഡുകളും ഗേറ്റുകളും പൂട്ടി ഭരണസിരാ കേന്ദ്രത്തിന്റെയും നഗരത്തിന്റെയും നിയന്ത്രണം ഇതിനകം പോലിസ് പിടിച്ചെടുത്തു കഴിഞ്ഞു.

എതിര്‍പ്പുകളും ഭീഷണികളും മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത്. സമരം സമാധാനപരമാണെങ്കില്‍ പോലിസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

നാലു ഗേറ്റുകളും സെക്രട്ടറിയേറ്റിലേക്കുള്ള 13 റോഡുകളും ഉപരോധിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് നയിക്കുന്ന ഈ പ്രക്ഷോഭത്തില്‍ നിന്ന് അവര്‍ പിറകോട്ട് പോകാനുള്ള സാധ്യതയും കുറവാണ്. അതേ സമയം ഒരു ഗേറ്റ് തുറക്കാന്‍ അനുവദിക്കണമെന്നതാണ് സര്‍ക്കാറിന്റെ നിലപാട്. കന്റോണ്‍മെന്റ് ഗേറ്റ് എന്തു വിലകൊടുത്തും തുറക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സോളാര്‍ കേസിലെ മുഖ്യകുറ്റാരോപിതയായ സരിത എസ് നായരെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയ്ക്കുന്ന ഒരു സുപ്രധാന തെളിവ് പീപ്പിള്‍ടിവി ഞായറാഴ്ച പുറത്തുവിട്ടു. ജലനിധിയുടെ ഒരു പരിപാടിയില്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്ന സരിതയുടെ ചിത്രം ദൃശ്യമാധ്യമങ്ങളും പത്രങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം സെക്രട്ടറിയേറ്റില്‍ ചേരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുമുന്നണി സമരത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം എന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചാണ്ടി രാജിവെയ്ക്കുമോ എന്ന അഭ്യുഹം ശക്തമാണ്. കാരണം ഇതിനു തൊട്ടുപിറകെ അദ്ദേഹം ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. ഇത് പതിവ് സന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം.

English summary
The 'secretariat protest', which opposition has announced, that starting Monday onwards, no one will be allowed to enter until Chandy resigns over the solar scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more