മുഖ്യമന്ത്രി-സരിത ചിത്രവും വ്യാജവാര്‍ത്തയും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പുകേസിലെ സരിത എസ് നായരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ വിവാദമാകുന്നു. ചെവിയില്‍ പറയാന്‍ മാത്രം ബന്ധം സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി ഉണ്ട് എന്നായിരുന്നു ഫോട്ടോ കണ്ട സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.
എന്നാല്‍ ഓണ്‍ലൈന്‍ ലോകത്ത് ചിത്രം ഉണ്ടാക്കുന്ന വിവാദങ്ങള്‍ ഇതിലൊന്നും ഒതുങ്ങില്ല. ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുകൂലികള്‍ നടത്തിയ ശ്രമമാണ് വിവാദമാകുന്നത്. സരിതയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം വ്യാജമാണ് എന്ന് ന്യൂസ് ചാനലായ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും പ്രചരിപ്പിച്ചു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യാവിഷന്‍. ചാനലിന്റെ ലോഗോ, വെബ്‌സൈറ്റ് അഡ്രസ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു വ്യാജവാര്‍ത്ത നിര്‍മിച്ചത്. ഉപരോധ സമരം കൂടിയായതോടെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയുമുണ്ടായി.
മുഖ്യമന്ത്രിയുടെ കൂടെ ഫോട്ടോയില്‍ ഉണ്ടായത് സരിത എസ് നായര്‍ അല്ല എന്നും തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്നും അവകാശപ്പെട്ട് ഒരു സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയതായാണ് വ്യാജവാര്‍ത്ത പറയുന്നത്. അതേസമയം ചിത്രം മോര്‍ഫ് ചെയ്തത് അല്ല എന്ന് തുടങ്ങി സാങ്കേതിക കാര്യങ്ങള്‍ വരെ വിശദമാക്കി എതിര്‍ഗ്രൂപ്പും രംഗത്തുവന്നിട്ടുണ്ട്.
മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചു എന്നാണ് കോണ്‍ഗ്രസ് അനുകൂലികള്‍ എന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഖാക്കളെ കളിയാക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കാന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് സരിതയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം വ്യാജമാണെന്ന് പറയുന്നതെന്ന് മറുപക്ഷവും തിരിച്ചടിക്കുന്നു.
സരിതയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം കൈരളി പീപ്പിള്‍ ചാനലാണ് പുറത്തുവിട്ടത്. വിവാദമായ ഈ ചിത്രം ചാനലുകള്‍ക്ക് ലഭിച്ചത് പി ആര്‍ ഡിയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications