ശക്തി മില്‍ കെട്ടിടം കൂട്ടബലാത്സംഗങ്ങളുടെ കേന്ദ്രം
മുംബൈ: ഫോട്ടോ ജേര്‍ണലിസ്റ്റ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട മുംബൈയിലെ ശക്തിമില്‍ കെട്ടിടത്തില്‍ വച്ച് മുമ്പ് മറ്റൊരു പെണ്‍കുട്ടിയും കൂട്ട ബലാത്സംഗത്തിന് ഇരായായിരുന്നു. 18 വയസ്സുകാരിയായ ഒരു കോള്‍ സെന്റര്‍ ജീവനക്കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ പോലീസിനോട് പറഞ്ഞത്. ഉപേക്ഷിക്കപ്പട്ട ശക്തി മില്‍ കെടിടത്തില്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് ഇപ്പോള്‍ പോലീസിന്റെ നിഗമനം.
2013 സെപ്റ്റംബര്‍ 2 നാണ് പെണ്‍കുട്ടി ഭാന്തൂപ് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി കൊടുത്തത്. ജൂലായ് 31 നാണ് ഇവര്‍ ബലാത്സംഗത്തിന് ഇരയായത്.

അല്‍പം സ്വകാര്യതക്ക് വേണ്ടിയാണ് പെണ്‍കുട്ടിയും കാമുകനും കൂടി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ശക്തിമില്‍ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പോയത്. അവിടെവച്ച് സലീം അന്‍സാരി, മുഹമ്മദ് കാസിം ഷേക്ക് എന്നിവരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. കാമുകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിജയ് ജാധവ്, ഇയാളുടെ ഒരു ബന്ധു, അഷ്ഫാഖ് ഷേക്ക് എന്നിവര്‍ കൂടിഎത്തി ആക്രമിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയുടെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കാമുകനെ കെട്ടിയിട്ടു.ഇയാളുടെ മുന്നില്‍ വച്ച് തന്നെയാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്.
പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയും കാമുകനും റെയില്‍വേ സ്റ്റേഷനിലെത്തി. പുതിയ വസ്ത്രങ്ങള്‍ വാങ്ങി. പിന്നീട് ഛത്തീസ്ഗഢിലേക്ക് ഒളിച്ചോടി. അവിടെവച്ച് ഇവര്‍ വിവാഹിതരായി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ അടുത്ത ദിവസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് ആഗസ്റ്റ് 31 നാണ് ഇവര്‍ തിരിച്ച് മുംബൈയില്‍ എത്തിയത്.
ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ തന്നെയാണ് ഈ കേസിലും ഉള്‍പെട്ടിരിക്കുന്നത്. ഇതില്‍ അഷ്ഫാഖ് ഷേക്കിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. അന്‍സാരിയും കാസിമും ജാധവും പഴയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications