ആലപ്പുഴയില്‍ ജില്ലയില്‍ മാത്രം 7941 പോളിംഗ് ബൂത്ത് വളണ്ടിയര്‍മാര്‍, എല്ലാവര്‍ക്കും പോസ്റ്റല്‍ വോട്ട്
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് നിയോഗിക്കുക. അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍മാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുന്നത്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്കു പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യവും ഒരുക്കും.
വോട്ടര്‍മാരെ നിശ്ചിത അകലം പാലിച്ച് വരിയില്‍ നിര്‍ത്തുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല. നിയമസഭ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിന് അതാത് നിയമസഭാ മണ്ഡലങ്ങളില്‍ വരണാധികാരികള്‍ ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി. ആദ്യ ദിവസം പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് നല്ല തിരക്ക് അനുഭവപ്പെട്ടു.
പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇവിടെ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. ഫോം 12, ഡ്യൂട്ടി ഓര്‍ഡര്‍ എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ക്കൂടി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന സബ്കളക്ടറുടെ ഓഫീസ് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരണാധികാരി സബ്കളക്ടര്‍ എസ്.ഇലക്യയും സന്നിഹിതയായിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തിയ ഒന്നും രണ്ടും ഘട്ട പരിശീലനങ്ങളില്‍ ഹാജരാകാതെ ഇരിക്കുകയും തുടര്‍ന്ന് മാര്‍ച്ച് 30ന് നല്‍കിയ അവസാനഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത ജീവനക്കാരെ അടിയന്തരമായി ഏപ്രില്‍ രണ്ടാം തീയതി പത്തുമണിക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുമ്പാകെ ഹാജരാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി.