ആലപ്പുഴയിൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു, നിർമാണം അവസാന ഘട്ടത്തിൽ
ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷയായി ആലപ്പുഴ വണ്ടാനത്തെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിയെന്ന് എഎം ആരിഫ് എംഎൽഎ. അത്യാധുനികസൗകര്യമുള്ള കെട്ടിടത്തിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് മാറുന്നതോടെ ഏറ്റവും വേഗത്തിൽ പരിശോധനാഫലം ലഭിക്കും. വൈറസ് രോഗങ്ങളെക്കുറിച്ച് നിരന്തര ഗവേഷണത്തിന് പ്രാപ്തമാകുന്ന ദേശീയ നിലവാരത്തിലുള്ള സ്ഥാപനമായി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു നിലകളിലായുള്ള കെട്ടിടത്തിൽ താഴത്തെനിലയിൽ പാർക്കിങ്, തൊട്ടുമുകളിൽ ലാബ് സംവിധാനങ്ങൾ, മുകളിലത്തെ നിലയിൽ ശാസ്ത്രജ്ഞർ, അനുബന്ധ ഡോക്ടർമാർ എന്നിവർക്കുള്ള താമസസൗകര്യം എന്നിവയും ഒരുക്കും. ബയോസേഫ്റ്റി ലെവൽ മൂന്ന് (ബി.എസ്.എൽ.-3) പദവി നിലവാരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. മൃഗങ്ങളിലൂടെയുള്ള അണുബാധ പരിശോധനാ സൗകര്യം, രോഗ നിർണയ സംവിധാനം എന്നിവയാണ് ലക്ഷ്യംവെക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിലാണിത്.
അവശേഷിക്കുന്നത് കുറച്ചു ജോലികൾ മാത്രം. കെട്ടിടത്തിന്റെ പ്രവർത്തനത്തിനാവശ്യമായ പ്രത്യേകം രൂപകല്പനചെയ്ത ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലികളും ലാബ് ഫർണിഷിങ് ജോലികളും മാത്രമാണ് അവശേഷിക്കുന്നത്. കോവിഡ് പ്രതിബന്ധങ്ങളില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ കഴിയും. സംസ്ഥാനത്ത് തുടർച്ചയായി ഉടലെടുത്ത കാലാവസ്ഥാ വ്യതിയാനം, താഴ്ന്നതും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ ജീവിത സാഹചര്യം എന്നിവ മൂലം ജില്ലയിലുണ്ടായ പകർച്ചവ്യാധി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന ലക്ഷ്യത്തിലാണ് 2006 വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു തുടക്കംകുറിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിലെ ഒറ്റമുറിയിലായിരുന്നു തുടക്കം.
ഇൻസ്റ്റിറ്റ്യൂട്ടിനായി ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിന്റെ അഞ്ചേക്കർ സ്ഥലം വിട്ടുനൽകി. 2011-ൽ കെട്ടിടനിർമാണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ വൈകി. എം.പി. എന്ന നിലയിൽ തൻ്റെ ഇടപെടലിനെത്തുടർന്ന് 10 കോടിരൂപ കേന്ദ്രസഹായമായി ലഭ്യമായതോടെയാണ് കെട്ടിടനിർമാണത്തിന്റെ തടസ്സങ്ങൾ നീങ്ങിയത് എന്ന് എംപി വ്യക്തമാക്കി. ലബോറട്ടറി പ്രവൃത്തിപഥത്തിലെത്തുന്നതോടെ കോവിഡ് 19, നിപ വൈറസ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചും മനുഷ്യനും പക്ഷിമൃഗാദികൾക്കും ഭീഷണിയായി മാറുന്ന മറ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താൻ കഴിയും.