• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷം; ആലപ്പുഴയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കും, മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍

Google Oneindia Malayalam News

ആലപ്പുഴ : ജില്ലയില്‍ കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി പി . പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിലവില്‍ കടല്‍ ക്ഷോഭവും വെള്ളക്കെട്ടും ബാധിച്ച മേഖലകളില്‍ സ്വീകരിച്ച ദുരന്ത നിവാരണ നടപടികള്‍ അവലോകനം ചെയ്ത യോഗത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി .

കടല്‍ക്ഷോഭം ബാധിച്ച അമ്പലപ്പുഴ താലൂക്കിലെ നാലു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്‍വര്‍ഷങ്ങളില്‍ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു .

ചേര്‍ത്തല ഒറ്റമശ്ശേരി, പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം കൂടുതലായി ബാധിച്ചിരിക്കുന്നത്. ടെട്രാപോഡ് സ്ഥാപിക്കുന്നത് ഉള്‍പ്പടെ ജില്ലയില്‍ തീരമേഖലയുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണം. താത്ക്കാലിക സംരക്ഷണ ഭിത്തി ആവശ്യമുള്ള മേഖലകളില്‍ ഉടന്‍ നിര്‍മിക്കണം. എസ്റ്റിമേറ്റ് എടുത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ജിയോ ബാഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം. ഇതിന് ജലസേചന വകുപ്പ് അടിയന്തര ശ്രദ്ധ നല്‍കണം.

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി (ശനി- ഞായര്‍) എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടത്തുന്നതിനുള്ള തടസങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. കുട്ടനാട്ടിലെ റോഡുകളിലെയും പാടശേഖരങ്ങളിലേയും ജലനിരപ്പ് കുറയ്ക്കുന്നതിന് ആവശ്യത്തിന് മോട്ടോറുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളയണം.

തോട്ടപ്പള്ളിയില്‍ നിന്നും കെ.എം.എം.എല്ലിലേക്ക് കൊണ്ടു പോകുന്ന മണ്ണ് ധാരണ പ്രകാരം തിരികെ തോട്ടപ്പള്ളിയില്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പുറക്കാട് പ്രദേശത്ത് കടല്‍ ഭിത്തിയോടു ചേര്‍ന്ന് കൂടുതല്‍ മണ്ണിട്ട് കടല്‍ക്ഷോഭത്തിന് താത്ക്കാലിക പരിഹാരം കാണും. അരൂര്‍ മണ്ഡലത്തിലെ പള്ളിത്തോട് പൊഴിച്ചാല്‍ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി .

പമ്പ, അച്ചന്‍കോവില്‍ ആറുകളുടെ തീരം ഇടിയുന്നത് തടയുന്നതിന് നടപടി സ്വീകരിക്കും. പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കും വിളകള്‍ക്കുമുണ്ടായ നാശത്തിന്റെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സ്‌കൂളുകളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണം. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു.

റോഡരികിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റുവാനും ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത ലൈനുകള്‍, പോസ്റ്റുകള്‍ എന്നിവയുടെ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി വിതരണം സുഗമമാക്കുന്നതിനും കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം . പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം . ജില്ലയിലെ മുഴുവന്‍ തോടുകളിലെയും ആറുകളിലെയും തടസങ്ങള്‍ നീക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി . ഓണ്‍ലൈന്‍ യോഗത്തില്‍ എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, ദലീമ ജോജോ , തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ . ജി. രാജേശ്വരി , ജില്ല കളക്ടര്‍ ഡോ . രേണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു .

English summary
Mansoon 2022: Preparations will be intensified in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X