സിഗ്നല്‍ സംവിധാനത്തില്‍ അഴിച്ചുപണി;ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് കുറയുമോ?
ബെംഗളൂരു:ഗതാഗതകുരുക്കിന് പേരുകേട്ട നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു നഗരം .ദില്ലി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് ബെംഗളൂരുവിലാണ്. വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് കുറച്ചുകൊണ്ടു വരുന്നതിന് സര്‍ക്കാരുകള്‍ പല പദ്ധതികളും കൊണ്ടു വന്നെങ്കിലും ഒന്നും ഫലവത്തായില്ല.
ഈ സാഹചര്യത്തില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ അഴിച്ചുപണികള്‍ നടത്തി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം ഏകീകരിച്ച് ജങ്ഷനുകളിലെ സിഗ്നല്‍ സംവിധാനം നിരീക്ഷണവിധേയമാക്കുകയാണ് ചെയ്യുക.

പുതിയ പദ്ധതി പ്രകാരം സിഗ്നലുകളിലെ അനാവശ്യ സമയങ്ങള്‍ ഒഴിവാകും. മിക്കപ്പോഴും സിഗ്നല്‍ പച്ചയായി കഴിഞ്ഞാലും പോകാന്‍ കഴിയാതെ യാത്രക്കാര്‍ അടുത്ത സിഗ്നലിലും പെടുക പതിവാണ്. ബെംഗളൂരു ട്രാഫിക് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ പദ്ധതി. (ബി ട്രാക്) 175 കോടിയോളം ചിലവുവരുന്ന പദ്ധതിയാണിത്.
ബെംഗളൂരുവില്‍ മൊത്തം 353 ട്രാഫിക് സിഗ്നലുകളാണുളളത്. മെട്രോ റെയില്‍ സംവിധാനം നിലവിലുണ്ടെങ്കിലും നഗരത്തിലെ ഗതാഗതകുരുക്കിന് ഒരു കുറവുമില്ല. അതിനു പുറമേയാണ് പലപ്പോഴുമുളള വി ഐ പി കളുടെ യാത്ര. ഇത്തരം സന്ദര്‍ഭങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഗതാഗത സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്) ഹിതേന്ദ്ര പറഞ്ഞു.
പുതിയ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നഗരത്തിലെ ഗതാഗത കുരുക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം ഹിതേന്ദ്ര പറഞ്ഞു.












Click it and Unblock the Notifications