ബിഹാറില്‍ 2,400 മെഗാവാട്ട് ഭഗല്‍പൂര്‍ പദ്ധതിയുടെ ടെന്‍ഡര്‍ സ്വന്തമാക്കി അദാനി പവര്‍; വമ്പന്‍ തൊഴിലവസരങ്ങള്‍
പട്‌ന: ബീഹാര്‍ സര്‍ക്കാരിന്റെ 2400 മെഗാവാട്ട് ഭഗല്‍പൂര്‍ വൈദ്യുതി പദ്ധതിയുടെ ടെന്‍ഡര്‍ സ്വന്തമാക്കി അദാനി പവര്‍ ലിമിറ്റഡ്. കിലോവാട്ടിന് അതായത് യൂണിറ്റിന് 6.075 രൂപ എന്ന കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്താണ് അദാനി പവര്‍ ടെന്‍ഡര്‍ നേടിയത്. അദാനി പവറിന്റെ നിക്ഷേപം സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാരണമാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയായ ടോറന്റ് പവര്‍, ജെഎസ്ഡബ്ല്യൂ എനര്‍ജി എന്നിവ ഉള്‍പ്പെടെ മറ്റു മൂന്നു ബിഡ്ഡര്‍മാരേക്കാള്‍ കുറഞ്ഞ വൈദ്യുതി താരിഫ് വാഗ്ദാനം ചെയ്താണ് അദാനി പവര്‍ ലിമിറ്റഡ് ഭഗല്‍പൂര്‍ വൈദ്യുതി പദ്ധതിയുടെ ടെന്‍ഡര്‍ നേടിയത്.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ബീഹാര്‍ സര്‍ക്കാര്‍ വിവിധ കമ്പനികളില്‍ നിന്ന് ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 2034-35 ആകുമ്പോഴേക്കും 17000 മെഗാവാട്ട് വൈദ്യുതി ആവശ്യകത സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച നാല് ബിഡ്ഡര്‍മാരാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തത്.

അദാനി പവര്‍ കിലോവാട്ടിന് 6.075 രൂപ എന്ന ഏറ്റവും കുറഞ്ഞ വൈദ്യുതി താരിഫാണ് മുന്നോട്ടുവെച്ചത്. ഇതില്‍ യൂണിറ്റിന് 4.165 രൂപ ഫിക്‌സഡ് ചാര്‍ജും 1.91 രൂപ ഇന്ധന ചാര്‍ജും ഉള്‍പ്പെടുന്നു.
വാശിയേറിയ ടെന്‍ഡര്‍ നടപടികള്‍ക്കൊടുവിലാണ് അദാനി പവര്‍ കരാര്‍ നേടിയത്. ടോറന്റ് പവര്‍ വൈദ്യുതി യൂണിറ്റിന് 6.145 രൂപയാണ് വാഗ്ദാനം ചെയ്തത്. അതേസമയം ലളിത്പുട്ട് പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ് 6.165 രൂപയും ജെഎസ്ഡബ്ലിയു എനര്‍ജി 6.205 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനായി ഇ-ബിഡ്ഡിങ് പ്രക്രിയ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് നടത്തിയത്.
അദാനി പവറിന്റെ ഏകദേശം മുപ്പതിനായിരം കോടിയുടെ നിക്ഷേപം വരുന്ന വൈദ്യുതി പദ്ധതി സംസ്ഥാനത്ത് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ പങ്കുവഹിക്കും എന്നാണ് പ്രതീക്ഷ. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നത്.
ബിഹാറില്‍ അദാനി ഗ്രൂപ്പിന് ചുവപ്പു പരവതാനി പരിഗണന ലഭിക്കുന്നുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനുള്ള മറുപടിയാണ് ഈ ബിഡ്ഡിങ്. ഇ-ടെന്‍ഡര്‍ നടപടികള്‍ വളരെ മത്സരാധിഷ്ഠിതമായിരുന്നുവെന്നും അദാനി പവറിന് പ്രത്യേക ഇളവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
2012ല്‍ ബിഹാര്‍ സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2024-ല്‍ വീണ്ടും പദ്ധതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പത്തു വര്‍ഷത്തോളമായി പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുത്തിട്ട്. ഭൂമി പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. ബിഹാര്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ പോളിസി 2025 പ്രകാരം നാമമാത്ര വാടകയ്ക്കാണ് ഡെവലപ്പര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്. നിക്ഷേപകര്‍ക്ക് നല്‍കുന്ന ഒരു പ്രോത്സാഹനമാണിത്. പദ്ധതി കാലാവധിക്കു ശേഷം ഭൂമി സര്‍ക്കാരിലേക്ക് തിരികെ നല്‍കും.
കഴിഞ്ഞ 50 വര്‍ഷമായി ബിഹാറില്‍ കാര്യമായ സ്വകാര്യ നിക്ഷേപം ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ ദ്രുതഗതിയിലുള്ള വ്യാവസായിക വളര്‍ച്ച കൈവരിച്ചിട്ടും ബീഹാറില്‍ മാത്രം അഞ്ച് വര്‍ഷത്തിനിടയില്‍ പുതിയ വ്യാവസായിക പദ്ധതികളൊന്നും വന്നിട്ടില്ല. അപര്യാപ്തമായ വൈദ്യുതീകരണവും അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതിയും സംസ്ഥാനത്ത് വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് തടസമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നു, ഇതുകാരണം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നില്ല. തദ്ദേശവാസികള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു.
ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരുന്ന ജനസംഖ്യയാണ് ബീഹാറിലുള്ളത് - 13.5 കോടി. കുറഞ്ഞ വേതനം കാരണം ജോലികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം തുടരുന്നു. 49.6 ശതമാനം ആളുകള്‍ ഉപജീവനത്തിനായി കൃഷി, വനം, മത്സ്യബന്ധനം എന്നിവയെ ആശ്രയിക്കുന്നു.
ഉത്തര്‍പ്രദേശിനൊപ്പം, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ബീഹാര്‍, ദേശീയ തൊഴില്‍ ശക്തിയിലേക്ക് ഏകദേശം 34 ദശലക്ഷം തൊഴിലാളികളെ സംഭാവന ചെയ്യുന്നു. ഈ പ്രവണത മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങളില്‍ പുതിയ നിക്ഷേപം നിര്‍ണായകമാണെന്ന് വികസന വിദഗ്ധര്‍ പറയുന്നു.
2,400 മെഗാവാട്ട് ഭഗല്‍പൂര്‍ വൈദ്യുതി പദ്ധതിയില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം 30,000 കോടിയാണ്. അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.












Click it and Unblock the Notifications