കൊച്ചിയുടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് മോഡൽ ആന്ധ്രയിലേക്ക്
കൊച്ചി: കേരളത്തിലെ സംരഭകത്വ സംസ്‌കാരത്തിന് വഴിയൊരുക്കിയ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് മാതൃകയാക്കി ആന്ധ്രാപ്രദേശ് സര്‍ക്കാരും ഇന്‍കുബേറ്റര്‍ തടങ്ങുന്നു. ഇതിനായി വിദഗ്‌ദോപദേശങ്ങളും പിന്തുണയും തേടി ആന്ധ്രയില്‍ നിന്നുള്ള ഉന്നത സംഘം കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചര്‍ച്ച നടത്തി.
ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഐ ടി ഉപദേഷ്ടാവ് ജെ സത്യനാരായണയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്റ്റാര്‍ട്ടപ്പ് വില്ലേജിലെത്തി സി ഇ ഒ പ്രണവ് കുമാര്‍ സുരേഷുമായും ഇന്‍ഫോപാര്‍ക്ക് സി ഇ ഒ ഋഷികേശ് നായരുമായാണ് ചര്‍ച്ച നടത്തിയത്.

യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിനായി ഇന്നൊവേറ്റര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെപ്പറ്റിയും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ഥി സംരംഭകത്വ നയത്തെപ്പറ്റിയുമെല്ലാം പ്രതിനിധി സംഘം ചര്‍ച്ച ചെയ്തു.
ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് സോനെ, ഐ ടി ഇ ആന്‍ഡ് സി സെക്രട്ടറി സഞ്ജയ് ജാജു, ഇ ആന്‍ഡ് വൈ കണ്‍സള്‍ട്ടന്റ് ഫണി ചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. തങ്ങളുടെ ആശയം ഒരു ട്രെന്‍ഡ് സെറ്ററായി മാറുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥി സംരംഭകത്വ നയത്തിനു സമാനമായ ഒന്ന് പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദ്ദേശം ആന്ധ്രസര്‍ക്കാരിനു മുന്നില്‍ വയ്ക്കുമെന്ന് അജയ് സോനെ പറഞ്ഞു. യുവാക്കള്‍ക്കായി സൃഷ്ടിച്ചെടുത്തിരിക്കുന്ന പ്രവര്‍ത്തനാന്തരീക്ഷവും സൗകര്യങ്ങളും പ്രതിനിധിസംഘത്തെ അത്ഭുതപ്പെടുത്തിയതായി പ്രണവ് കുമാര്‍ സുരേഷ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications