അദാനിയെ നോട്ടമിട്ട് റവന്യൂ ഇന്റലിജൻസ്; കൽക്കരി ഇറക്കുമതി അന്വേഷണം പുനരാരംഭിക്കും
കൽക്കരി ഇറക്കുമതിയിൽ മൂല്യം പെരുപ്പിച്ച് കാട്ടിയെന്ന കേസിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം പുനരാരംഭിക്കാൻ ഒരുങ്ങി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്). ഇതിനായി സിംഗപ്പൂരിൽ നിന്ന് തെളിവുകളും, രേഖകളും ശേഖരിക്കാൻ ഡിആർഐ സുപ്രീം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
സിംഗപ്പൂരിലെ അധികൃതരിൽ നിന്ന് 2016 മുതൽ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഡിആർഐ തേടുന്നുണ്ട്. ഇന്തോനേഷ്യയിലെ വിതരണക്കാരിൽ നിന്ന് ഇറക്കുമതി ചെയ്‌ത കൽക്കരിക്ക് അദാനിയുടെ സിംഗപ്പൂർ യൂണിറ്റായ അദാനി പിടിഇ തുക പെരുപ്പിച്ച് കാട്ടിയെന്നും ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു.

ശത കോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും അതിന്റെ സഹ സ്ഥാപനങ്ങളും നിയമ വെല്ലുവിളികളിലൂടെ പലതവണയായി സിംഗപ്പൂരിൽ നിന്നുള്ള രേഖകൾ ശേഖരിക്കുന്നതിൽ നിന്ന് ഡിആർഐയെ തടഞ്ഞിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഇറക്കുമതി ചെയ്‌ത ഷിപ്പ്മെന്റുകൾ തുറമുഖങ്ങളിൽ അധികൃതർ കൃത്യമായി പരിശോധിച്ചിരുന്നു എന്നാണ് ആരോപണം തള്ളിക്കൊണ്ട് അദാനി ഗ്രൂപ്പ് ഇതിന് നൽകുന്ന മറുപടി.
ഒക്ടോബർ 9നാണ് ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തെളിവുകൾ ശേഖരിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഡിആർഐ പരമോന്നത കോടതിയെ സമീപിച്ചത്.
ഓഹരി കൃത്രിമത്വവും, നികുതി വെട്ടിപ്പും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതിരോധത്തിലായിരുന്നു. ഇതിൽ നിന്ന് കരകയറി വരുന്ന വേളയിലാണ് കൽക്കരി ഇറക്കുമതിയിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഡിആർഐ അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് രംഗത്ത് വരുന്നത്.












Click it and Unblock the Notifications