സ്വർണവില പവന് 20000 രൂപയോളം ഇടിയും: ഈ വർഷം തന്നെ, പക്ഷെ ക്ഷമ വേണം; സാധ്യതകള്‍ ഇതാ..
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയില്‍ വർധനവ് ഉണ്ടായിരിക്കുകയാണ്. കേരള വിപണിയില്‍ ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പന്‍ നിരക്ക് 72840 ലേക്ക് ഉയർന്നു. 40 രൂപ വർധിച്ചതോടെ ഗ്രാം നിരക്ക് 9105 രൂപയുമായി. ജൂണ്‍ 30 ന് 71320 ലേക്ക് വരെ താഴ്ന്ന വിലയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയിരിക്കുന്നത്.
ജൂണ്‍ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങളിലായി സ്വർണ വിലയില്‍ പവന് 3000 രൂപയോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 14 ന് രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡായ 74560 ല്‍ നിന്നും സ്വർണം പതിയെ താഴേക്ക് ഇറങ്ങുന്നതാണ് അവസാന പകുതിയില്‍ കണ്ടത്. വില ഇത്തരത്തില്‍ പ്രവചനാതീതമായി മുന്നോട്ട് പോകുമ്പോള്‍ ഭാവിയില്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ആളുകളും വലിയ ആശങ്കയിലാണ്.

സാധാരണക്കാരെ സംബന്ധിച്ച് മാത്രമല്ല, സാമ്പത്തിക രംഗത്ത് വലിയ പാരമ്പര്യങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് പോലും സ്വർണ വിലയില്‍ ഭാവിയില്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ കൃത്യമായ ഒരു പ്രവചനം നടത്താന്‍ അവർക്കും സാധ്യമാകുന്നില്ല. സംഭവിക്കാന്‍ ഇടയുള്ള ഏതാനും സാധ്യതകള്‍ മാത്രമാണ് അവർ മുന്നോട്ട് വെക്കുന്നത്. മോട്ടിലാൽ ഓസ്വാൾ പോലുള്ള സ്ഥാപനങ്ങള്‍ വില കുറയാനുള്ള സാധ്യത ഇല്ലെന്ന് പറയുമ്പോള്‍ സിറ്റി ബാങ്ക് വലിയ ഇടിവിനുള്ള സാധ്യതകള്‍ തുറന്നിടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയില്‍ ഏകദേശം 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ വില ഇനി വലിയ തോതില്‍ മുന്നോട്ട് പോകാന്‍ ഇടയില്ലെന്ന സൂചന നിരവധി സാമ്പത്തിക വിദഗ്ധരും ഗവേഷകരും മുന്നോട്ട് വെക്കുന്നുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്തിനു ശേഷം ഭൗമരാഷ്ട്രീയ പ്രക്ഷോഭങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകളും മൂലം സ്വർണം റെക്കോർഡ് വിലയിൽ എത്തിയെങ്കിലും, ഇപ്പോൾ വിലയിൽ ഇടിവിനുള്ള സാധ്യതകൾ വർധിച്ചുവരുന്നതായി ഈ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രവചനങ്ങള്‍
സിറ്റി, മോട്ടിലാൽ ഓസ്വാൾ, ഫിച്ച് റേറ്റിംഗ്‌സിന്റെ ഗവേഷണ വിഭാഗമായ ബി എം ഐ എന്നിവർ സ്വർണത്തിന്റെ ഉയർച്ചാ ഘട്ടം അവസാനിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതോടെ, സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ ആകർഷണം കുറയാനിടയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.
2026-ന്റെ രണ്ടാം പകുതിയോടെ സ്വർണവില ട്രോയ് ഔൺസിന് 2500-2700 ഡോളറിലേക്ക് എത്തുമെന്നാണ് സിറ്റിയുടെ പ്രവചനം. അതായത് ഈ നിരക്കിലാണെങ്കില്‍ കേരള വിപണിയില്‍ ഒരു പവന് സ്വർണത്തിന്റെ വില 55000 രൂപയിലേക്ക് എത്തിയേക്കാം. അതേസമയം മോട്ടിലാൽ ഓസ്വാളിന്റെ നിരീക്ഷണ പ്രകാരം സ്വർണവില 32%-ൽ കൂടുതൽ വാർഷിക വർധന അപൂർവമാണെന്നും, നിലവിലെ തലങ്ങളിൽ വില ഏകീകരിക്കപ്പെടുകയോ (consolidate) സ്ഥിരതയോടെ മുന്നോട്ട് പോകുകയോ ചെയ്യാമെന്നും അഭിപ്രായപ്പെടുന്നു.
സ്വർണ വിലയിൽ ഇടിവിനുള്ള സമ്മർദ്ദം വർധിക്കുന്നുണ്ടെങ്കിലും, കോവിഡിന് മുമ്പുള്ള വിലനിലവാരത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് ബി എം ഐ (ഫിച്ച്) ചൂണ്ടിക്കാട്ടുന്നത്. എങ്കിലും വിലയിടിവിനുള്ള സാധ്യതകള്‍ ഇവരും മുന്നോട്ട് വെക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. 2025-2029 കാലയളവിൽ സ്വർണവില ശരാശരി 2720 ഡോളർ ആയിരിക്കുമെന്നാണ് ഇവരുടെ പ്രവചനം.
സ്വർണ വിലയിലെ ഉയർച്ച
2022 ജനുവരി മുതലാണ് സ്വർണ വിലയില്‍ വലിയ തോതിലുള്ള വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്. ട്രോയ് ഔൺസിന് 1797 ഡോളറിലുണ്ടായിരുന്ന വില പിന്നീട് 86 ശതമാനത്തില്‍ അധികം ഉടർന്ന് 3342 ഡോളറിലേക്ക് വരെ എത്തി. യുക്രെയ്‌ൻ-റഷ്യ യുദ്ധം, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകൾ എന്നിവയാണ് ഈ ഉയർച്ചയ്ക്ക് കാരണം.
വില വർധനവിനുള്ള സാധ്യതകള്‍
താരിഫ് ഇളവുകൾ: ജൂലൈ 9-ന്റെ ടാരിഫ് ഇളവ് അവസാനിക്കുന്നതോടെ, വ്യാപാര നിയന്ത്രണങ്ങൾ കർശനമാകുകയാണെങ്കിൽ വില വീണ്ടും ഉയർന്നേക്കാം.
ഫെഡറൽ റിസർവിന്റെ നയങ്ങൾ: ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുകയാണെങ്കിൽ, ബോണ്ട് വരുമാനം കുറയുന്നത് സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർധിപ്പിച്ചേക്കാം. എന്നാൽ, പലിശനിരക്ക് കുറയ്ക്കാതിരിക്കുകയും യു.എസ്. ഡോളറും ബോണ്ട് വരുമാനവും ശക്തിപ്പെടുകയും ചെയ്താൽ, സ്വർണത്തിന്റെ ആകർഷണം കുറഞ്ഞ് വില $2500/ഔൺസിലേക്ക് താഴാം.
ഐസിഐസിഐ ബാങ്ക്: മെയ് മധ്യത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, 2025 ഡിസംബറോടെ സ്വർണവില $3300-$3500/ഔൺസ് ശ്രേണിയിൽ എത്താമെന്ന് പ്രവചിച്ചു. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications