കേരളത്തെ കൈപിടിച്ചുയർത്താൻ ലുലു ഗ്രൂപ്പ്; നാലിടത്ത് മാളുകൾ ഒരുങ്ങുന്നു, പാലക്കാട് ഇന്ന് ഉദ്‌ഘാടനം...
വ്യാവസായിക കേരളത്തിന്റെ വളർച്ചയ്ക്ക് ഇന്ധനം പകർന്നുകൊണ്ട് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സംസ്ഥാനത്താകെ വൻ നിക്ഷേപങ്ങൾ നടത്തി വരികയാണ്. കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിനും, ഏഷ്യയിലെ ഏറ്റവും വലിയ മാൾ എന്ന ഖ്യാതിയോടെ എത്തിയ തിരുവനന്തപുരം ആക്കുളത്തെ ലുലു മാളിനും ശേഷം സംസ്ഥാനത്താകെ പടർന്നു കിടക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ ഒരുക്കാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ആദ്യ പടിയായി പാലക്കാട് ലുലു മാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
പാലക്കാട് നഗരത്തിന്റെ തിരക്കളിൽ നിന്ന് അൽപം മാറി കൊച്ചി-സേലം ദേശീയ പാതയോട് ചേര്‍ന്ന് കണ്ണാടിയിലാണ് പുതിയ മാൾ പണിതിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് വൈകീട്ട് മൂന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. രണ്ട് ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തിലാണ് ഇതിന്റെ നിർമാണം നടത്തിയത്.

അതിൽ തന്നെ ഒരു ലക്ഷം ചതുരശ്രയടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍, ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. പുറമെ നിന്ന് എത്തിച്ചത് അല്ലാതെ കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാനാവും.
ഇതിന് പുറമെ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ലുലു ഫാഷൻ സ്‌റ്റോറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡുകളുടെ വസ്ത്രശേഖരമാണ് ഫാഷൻ സ്‌റ്റോറിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
പാലക്കാടിന് പുറമെ കേരളത്തിൽ മൂന്നിടത്ത് കൂടി ലുലു മാൾ ഒരുങ്ങുന്നുണ്ട്. കോഴിക്കോട്, കോട്ടയം, തിരൂർ എന്നിവിടങ്ങളിലാണ് സമാനമായ രീതിയിൽ ലുലു പദ്ധതി നടപ്പിലാക്കി വരുന്നത്. അതിൽ കോഴിക്കോട് മാളിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്.
മിനി ബൈപ്പാസ് റോഡിലാണ് കോഴിക്കോട് മാൾ ഒരുങ്ങുന്നത്. ഏകദേശം 20 ലക്ഷം ചതുരശ്രയടി വിസ്‌തൃതിയിൽ ഉദ്ഘാടനത്തിന് തയ്യാറാകുന്ന ഈ മാള്‍, കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 355 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിടുന്നത്.
രണ്ട് ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് ഇവിടുത്തെ പ്രധാന ആകർഷണം. 12 സ്ക്രീൻ മൾട്ടിപ്ലെക്‌സും 75,000 ചതുരശ്രയടിയിലുള്ള വിനോദകേന്ദ്രവും 2500 പേരെ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടും ഇവിടെ സജജമാക്കും. 3800 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാളിലുണ്ടാവും.
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായ തിരൂരിലും ലുലു ഗ്രൂപ്പിന്റെ മിനി മാൾ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂർ കുറ്റിപ്പുറം റോഡിലാണ് ലുലു മിനി മാൾ നിർമാണം പൂർത്തിയാകുന്നത്. ലുലു ഹൈപ്പർമാർക്കറ്റിന് പ്രാധാന്യം നൽകിയാണ് ഇവിടെ ഷോപ്പിങ് മാളിന്റെ നിർമാണം. വൈകാതെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.
3.25 ലക്ഷം ചതുരശ്രയടി വിസ്‌തൃതിയിലുള്ള കോട്ടയത്തെ ലുലു മിനി മാളിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 2024 മാർച്ച് മാസത്തോടെ തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന നിലയിലാണ് ഷോപ്പിങ് മാളിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. എംസി റോഡിൽ നാട്ടകം മണിപ്പുഴ ജംഗ്ഷനിലാണ് ഇത് വരുന്നത്. ഹൈപ്പർമാർക്കറ്റിന് പ്രാധാന്യം നൽകിയാണ് ഇവിടെയും മാൾ ഒരുങ്ങുന്നത്.












Click it and Unblock the Notifications