ചരിത്രത്തിലെ ഏറ്റവും സമ്പന്നൻ, അംബാനിയും അദാനിയും പോലും മുട്ടുമടക്കും; ആരാണ് മൻസ മൂസ?
സമ്പന്നതയെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനും അറിയാനുമൊക്കെ നമുക്കെന്നും ഒരു ആകാംഷയാണ്. അത് ലോകത്തിന്റെ ഏത് കോണിൽ ആയാലും അത്തരം വാർത്തകൾക്കും കഥകൾക്കും വായനക്കാർ ഏറെയുണ്ടാവും. നിലവിൽ ലോക സമ്പന്നർ എന്ന് വിശേഷിപ്പിക്കാവുന്ന ജെഫ് ബെസോസ്, ഇലോൺ മസ്‌ക് തുടങ്ങിയവരുടെ ആസ്‌തി എത്രത്തോളം വലുതാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു അതിസമ്പന്നനായ ചക്രവർത്തിയുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് ഉറപ്പാണ്.
14-ാം നൂറ്റാണ്ടിലെ ആഫ്രിക്കൻ ചക്രവർത്തിയായിരുന്ന മൻസ മൂസയാണ് ഇതുവരെ ജീവിച്ചിരുന്നവരിൽ വച്ച് ഏറ്റവും ധനികനായി കണക്കാക്കപ്പെടുന്നത്. എഡി 1280ൽ ജനിച്ച മൻസ മൂസ 1312ൽ പശ്ചിമാഫ്രിക്കയിലെ മാലി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. പണപ്പെരുപ്പത്തിനനുസരിച്ച് കണക്ക് കൂട്ടുമ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 400 ബില്യൺ യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.

ഇത് ആധുനിക കാലത്തെ പല ശതകോടീശ്വരന്മാരുടെയും സമ്പത്തിനേക്കാൾ വളരെ വലുതാണ്. ജെഫ് ബെസോസ് (194.6 ബില്യൺ), കൂടാതെ മുകേഷ് അംബാനി (117.8 ബില്യൺ), ഗൗതം അദാനി (83.6 ബില്യൺ), രത്തൻ ടാറ്റ തുടങ്ങിയ ഇന്ത്യൻ ശതകോടീശ്വരന്മാർ പോലും മൂസയ്ക്ക് എത്രയോ പിന്നിലാണെന്ന് പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും.
മൻസ മൂസയുടെ സമ്പത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ വിശാലമായ പ്രകൃതി വിഭവങ്ങളിൽ നിന്നാണ്. ബാംബുക്, വംഗാര, ബുരെ, ഗലാം, തഗാസ തുടങ്ങിയ പ്രദേശങ്ങളിലെ സ്വർണ്ണ ഖനികൾ അദ്ദേഹത്തെ സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിച്ച ഒന്നായിരുന്നു. ഈ ഖനികൾ തന്നെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഉറവിടവും.
കൂടാതെ വടക്കൻ പ്രദേശങ്ങളിൽ ഉപ്പ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്‌തു പോന്നിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്‌റ്റ്, സെനഗൽ, മാലി, ബുർക്കിന ഫാസോ എന്നിവ ഉൾപ്പെടുന്നു, ടിംബക്റ്റൂ ആയിരുന്നു മൂസയുടെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രയോജനപ്പെടുത്തിയിരുന്നത്. ഇത്രയധികം ധനികനായിരുന്നിട്ടും അതിലേറെ കരുണയുള്ള വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത് എന്നാണ് ചരിത്രകാരമാർ വിവരിക്കുന്നത്.
1324ൽ മൻസ മൂസ മക്കയിലേക്ക് ഒരു തീർത്ഥാടനം നടത്തിയിരുന്നു, ഇത് ചരിത്രത്തിൽ ഇടം നേടിയ ഒന്നായിരുന്നു. സഹാറ മരുഭൂമി മുറിച്ചുകടന്ന എക്കാലത്തെയും വലിയ യാത്രാസംഘമായ അദ്ദേഹത്തിനൊപ്പം 12,000 സഹായികളും 60,000 അടിമകളും അതിന് പുറമേ 100 ഒട്ടകങ്ങളും വലിയ അളവിലുള്ള സ്വർണ്ണവും ഉണ്ടായിരുന്നു. ഏകദേശം 18 ടൺ സ്വർണവുമായാണ് അദ്ദേഹം യാത്ര ചെയ്‌തതെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications