പൊന്നിനോട് പരിഭവിച്ച് ഉപഭോക്താക്കള്‍.. എല്ലാവര്‍ക്കും വെള്ളി മതി; വില്‍പനയില്‍ റെക്കോഡ് വര്‍ധന
ദീപാവലി, ധന്‍തേരസ് സമയത്ത് സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ വാങ്ങുന്നത് സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് കാലങ്ങളായുള്ള വിശ്വാസം. അതിനാല്‍ തന്നെ സ്വര്‍ണ കച്ചവടക്കാരെ സംബന്ധിച്ച് വലിയ ലാഭം ലഭിക്കുന്ന ദിവസങ്ങള്‍ കൂടിയാണ് ഇത്. ഇത്തവണത്തെ ഉത്സവസീസണില്‍ റോക്കറ്റ് കണക്കെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ദീപാവലിക്ക് എക്കാലത്തേയും ഉയര്‍ന്ന വിലയായ 59960 ല്‍ ആയിരുന്നു സ്വര്‍ണം.
വിലകൂടിയാലും പരമ്പരാഗതമായുള്ള ശീലത്തിന്റെ ഭാഗമായി സ്വര്‍ണം വാങ്ങുന്നതില്‍ വലിയ ഇടിവുണ്ടാകില്ല എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഇത്തവണ സ്വര്‍ണത്തിന്റെ വില്‍പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യാ ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ സമാഹരിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണത്തിന് പകരം വെള്ളിയാണ് കൂടുതല്‍ പേരെയും ഈ സമയത്ത് ആകര്‍ഷിച്ചത്.

ഇന്ത്യാ ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ധന്‍തേരാസ്-ദീപാവലി കാലയളവില്‍ ഇന്ത്യക്കാര്‍ 220 ടണ്‍ വെള്ളിയാണ് വാങ്ങിയത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെള്ളിയുടെ വില്‍പ്പന 160 ടണ്ണായിരുന്നു. 37% ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റ വര്‍ഷത്തില്‍ വെള്ളിയുടെ വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്.
ഐബിജെഎ പ്രകാരം വെള്ളിയുടെ പാത്രങ്ങള്‍, ദീപങ്ങള്‍, വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് പലരും വാങ്ങിയത്. അതേസമയം 5, 10 ഗ്രാമുകളുടെ വെള്ളി നാണയങ്ങള്‍ ഡിമാന്‍ഡ് 60% ഉയര്‍ന്നു. 'ധന്‍തേരാസ്-ദീപാവലി കാലയളവില്‍ 2,200 കോടി രൂപയുടെ വെള്ളി വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത് സംഭവിച്ചിട്ടില്ല. വെള്ളിക്ക് ഇനിയും സാധ്യത ഉണ്ട്,' ഐബിജെഎ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.
അതിനാല്‍ ഉപഭോക്താക്കള്‍ വെള്ളിയില്‍ നിക്ഷേപിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണവില കുതിച്ചുയരുന്നതും വെള്ളിയുടെ 11 വര്‍ഷത്തെ റെക്കോര്‍ഡ് ഭേദിച്ച് കിലോയ്ക്ക് 1 ലക്ഷം രൂപയിലെത്തിയതും വെള്ളി വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ദീപാവലി - ധന്‍തേരസ് ഉത്സവ കാലയളവില്‍ 47 ടണ്‍ സ്വര്‍ണമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15% കുറവാണ് ഇത്.
ഇന്നലെ ഫിസിക്കല്‍ മാര്‍ക്കറ്റില്‍ വെള്ളി കിലോയ്ക്ക് 96,765 രൂപയായിരുന്നു വില. ദീപാവലി ദിനത്തില്‍ ഇത് ഒരു ലക്ഷം കടന്നിരുന്നു. 'അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി ലോഹ വിപണിയില്‍ ചാഞ്ചാട്ടമുണ്ട്. ഇത്തരമൊരു പ്രധാന ആഗോള ഇവന്റ് നടക്കുമ്പോള്‍ ഇത് സാധാരണമാണ്. എന്നാല്‍ വെള്ളിയുടെ ആകര്‍ഷണം കൂടുകയാണ്,' റിദ്ദിസിദ്ധി ബുള്ളിയന്‍ മാനേജിംഗ് ഡയറക്ടര്‍ പൃഥ്വിരാജ് കോത്താരി പറഞ്ഞു.
അടുത്ത ദീപാവലിയോടെ വെള്ളി വില 1.5 ലക്ഷം രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഭരണാവശ്യത്തിന് പുറമെ ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, അര്‍ദ്ധചാലകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ആധുനിക സാങ്കേതികവിദ്യകളില്‍ വെള്ളി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ വെള്ളിയുടെ ഡിമാന്‍ഡിന് ഇടിവുണ്ടാകും എന്നും പ്രതീക്ഷിക്കുന്നില്ല.
15-30 ഗ്രാം വെള്ളി ആവശ്യമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും ഒരു കാരണമാണ്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനവും എഐയുടെ ആവിര്‍ഭാവവും വെള്ളിയുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് യുദ്ധം, യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്.












Click it and Unblock the Notifications