പേഴ്‌സണൽ ലോണിന് പിടിവീഴും; ഇനി ഓടിച്ചെന്നാൽ കിട്ടില്ല, പലിശ നിരക്ക് ഉയരുന്നത് ഈ ദിവസം മുതൽ...
പേഴ്‌സണൽ ലോൺ പലപ്പോഴും വലിയ അനുഗ്രഹമാണ്. ചില നിർണായക ഘട്ടങ്ങളിൽ വളരെയധികം സഹായകരമാവാൻ ഇവയ്ക്ക് കഴിയും എന്നതാണ് വാസ്‌തവം. പ്രത്യേകിച്ച് കിട്ടാൻ കൂടുതൽ എളുപ്പമാണ് എന്നതും ഇവയുടെ ഡിമാൻഡ് വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. എങ്കിലും ഇനി കാര്യങ്ങൾ പഴയത് പോലെ എളുപ്പമാവില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ച സാഹചര്യത്തിലാണ് പേഴ്‌സണൽ ലോണുകൾക്ക് മേൽ പിടിവീഴുന്നത്.
സുരക്ഷിതമല്ലാത്ത വായ്‌പകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ വരുന്നത്. ഈ വര്‍ഷം പേഴ്‌സണല്‍ ലോണുകളുടെ പലിശയില്‍ 1.50 ശതമാനം വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. പേഴ്‌സണല്‍ ലോണുകളുടെ റിസ്‌ക് വെയിറ്റ് 100 ശതമാനത്തില്‍ നിന്നും 125 ശതമാനമാക്കി ആർബിഐ കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയുണ്ടായി. ഇതാണ് ഈ മാറ്റത്തിന് കാരണം.

ലോൺ എടുക്കുന്നയാൾ അതിൽ വീഴ്‌ച വരുത്തുന്നതിന്റെ അപകടസാധ്യത അല്ലെങ്കിൽ അനുബന്ധ സാമ്പത്തിക ബാധ്യതയാണ് ക്രെഡിറ്റ് റിസ്‌ക് എന്നറിയപ്പെടുന്നത്. ബാങ്കുകൾ അഭിമുഖീകരിക്കുന്ന മൂന്ന് പ്രധാന അപകടസാധ്യതകളിൽ ഒന്നാണിവ. റിസർവ് ബാങ്ക് ചട്ടമനുസരിച്ച് എല്ലാ വായ്‌പാ ദാതാക്കളും അവർ നൽകുന്ന വായ്‌പയുടെ ഒരു നിശ്ചിത അനുപാതത്തിലുള്ള മൂലധനം കരുതലായി സൂക്ഷിക്കേണ്ടതുണ്ട്.
ആർബിഐ റിസ്‌ക് വെയിറ്റേജ് ഉയർത്തിയ സാഹചര്യത്തിൽ പേഴ്‌സണൽ ലോണിന് ബാങ്കുകൾ ഉയർന്ന കരുതൽ ധനം സൂക്ഷിക്കേണ്ട സാഹചര്യമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇതോടെ ബാങ്കുകൾ പേഴ്‌സണൽ ലോൺ പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതരാവുകയും ചെയ്യും. ഫെബ്രുവരി 29 മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വരും. ഇതോടെ പലിശ നിരക്കും ഉയരും.
പുതിയ നീക്കം എൻബിഎഫ്‌സികൾക്കും കനത്ത തിരിച്ചടിയാണ്. എൻബിഎഫ്‌സികളുടെ വളർച്ചാ വേഗതയെയും ഇത് പ്രതികൂലമായി ബാധിക്കും. സാധാരണയായി ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുകയും ഉപഭോക്താക്കൾക്ക് വായ്‌പ നൽകുകയും ചെയ്യുന്നതാണ് എൻബിഎഫ്‌സികളുടെ രീതി. എന്നാൽ പുതിയ സാഹചര്യത്തിൽ അധിക തുക നീക്കിവയ്‌ക്കേണ്ടി വരുമ്പോൾ ബാങ്കുകൾ എൻബിഎഫ്‌സികൾക്ക് നൽകുന്ന വായ്‌പാ പലിശ കൂട്ടും. ഇത് വായ്‌പകളെയും ബാധിക്കും.












Click it and Unblock the Notifications