മുണ്ടുടുത്തു, ഹൈക്കോടതി ജഡ്ജി ക്ലബ്ബിന് പുറത്തായി!
ചെന്നൈ: മുണ്ടും ചെരിപ്പും പൈജാമയും ഇട്ടാല്‍ ഡീസന്‍സി കുറഞ്ഞുപോകുമോ. പോകും എന്നാണെങ്കില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡെയും കലൈഞ്ജര്‍ കരുണാനിധിയും മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവും എന്തിന് നമ്മുടെ വി എസ് അച്യുതാനന്ദന്‍ വരെ ഡീസന്റല്ല എന്നാണോ പറയുന്നത്. മുണ്ട് ധരിച്ച് വരുന്നവരെ രാജ്യത്തെ എലീറ്റ് ക്ലബ്ബുകളില്‍ കയറ്റാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
മുണ്ട് ധരിച്ചുവന്ന ഒരു ആം ആദ്മിയെ പോലുമല്ല. മദ്രാസ് ഹൈക്കോടതി ജഡ്ജിയെ ആണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിലേക്ക് കയറാന്‍ വിടാതെ അപമാനിച്ചത്. മുണ്ടുടുത്തുവന്നു എന്ന് പറഞ്ഞാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഡി ഹരിപരന്താമനെ ചെന്നൈയിലെ ക്ലബ്ബില്‍ കയറ്റാതിരുന്നത്. അതും ഔദ്യോഗിക വാഹനത്തില്‍ വന്ന ജഡ്ജിയാണ് അപമാനിക്കപ്പെട്ടത്. അപ്പോള്‍ പിന്നെ ആം ആദ്മിയുടെ കാര്യം പറയണോ.

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് അരുണാചലം സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഡി ഹരിപരന്താമനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിലെത്തിയത്. എന്നാല്‍ മുണ്ടുടുത്ത് ക്ലബ്ബില്‍ കയറാന്‍ പറ്റില്ലെന്നും തങ്ങള്‍ക്ക് ക്ലബ്ബ് ഭാരവാഹികളില്‍ നിന്നും കര്‍ശനമായ നിര്‍ദേശമുണ്ട് എന്നും പറഞ്ഞാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ജഡ്ജിയെ തടഞ്ഞത്.
സംഭവം നിര്‍ഭാഗ്യകരമായിപ്പോയി എന്ന് ജസ്റ്റിസ് ഡി ഹരിപരന്താമനെ പറഞ്ഞു. മുണ്ടുടുത്തു എന്നത് കൊണ്ട് ഹൈക്കോടതി ജഡ്ജിയെ ക്ലബിനടകത്ത് കയറ്റാത്തതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ക്ലബ്ബുകളില്‍ ഇത്തരം ഡ്രസ് കോഡുകള്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയതാണെങ്കിലും ഇത്തരം ഡ്രസ് കോഡുകളിലൂടെ എലീറ്റായേ പറ്റൂ എന്ന വാശിയിലാണ് ക്ലബ്ബുകള്‍.












Click it and Unblock the Notifications