സിപിഐയ്ക്ക് 15 കോടിയുടെ ഓഫീസ്!
ചെന്നൈ: ദേശീയ പാര്‍ട്ടി സ്ഥാനം പോകുമെങ്കിലും പ്രതാപത്തിനൊട്ടും കുറവ് വേണ്ട എന്ന ചിന്തയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ) എന്ന് തോന്നുന്നു. തമിഴ്‌നാട്ടിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് പാര്‍ട്ടി ചെലവഴിച്ചിരിക്കുന്നത് 15 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ടി നഗറിലെ സൗത്ത് ബോഗ് റോഡിലാണ് സി പി ഐയുടെ പടുകൂറ്റന്‍ ഓഫീസ് കെട്ടിടം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയാണ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഏഴ് നിലകളുണ്ട് ഓഫീസ് കെട്ടിടത്തിന്. 2010 ലാണ് കെട്ടിടം പണി തുടങ്ങിയത്. 14.5 കോടി രൂപയാണ് പാര്‍ട്ടി കെട്ടിടത്തിനായി കരുതിയ ബജറ്റ്. എന്നാല്‍ നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂടിയത് ചെലവ് പിന്നെയും കൂട്ടിയത്രെ. 18 കോടിയിലധികമായി പണി പൂര്‍ത്തിയായപ്പോള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്‍പത്തി രണ്ടായിരം സ്‌ക്വയര്‍ ഫീറ്റാണ് സി പി ഐയുടെ ഓഫീസ് കെട്ടിടമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ പറഞ്ഞു. സി പി ഐക്കാര്‍ മാത്രമല്ല, മറ്റ് പ്രമുഖ പാര്‍ട്ടികളെ നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നിര്‍മാണച്ചെലവിന്റെ ഭൂരിഭാഗവും ബാങ്ക് വായ്പയാണ്. ബാക്കി പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്തു. 1969 ലാണ് 49 സെന്റ് സ്ഥലം പാര്‍ട്ടി വാങ്ങിയത്.
നിലവില്‍ ഡി എം കെയുടെ പാര്‍ട്ടി ഓഫീസായ അണ്ണാ അറിവാലയം കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി ഓഫീസാണ് സി പി ഐ ഓഫീസായ ബാലന്‍ ഇല്ലം. പാര്‍ട്ടി നേതാവായ ബാല തണ്ടായുതത്തിന്റെ പേരിലാണ് ഓഫീസ്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബാല തണ്ടായുതത്തിന്റെ പേരിലായിരുന്നു പഴയ ഓഫീസ്. 1975 ലാണ് പാര്‍ട്ടി ഇവിടെ ആദ്യത്തെ ഓഫീസ് തുടങ്ങിയത്.












Click it and Unblock the Notifications