തന്നെ പുകഴ്ത്തി സംസാരിക്കേണ്ട, ആവര്‍ത്തിച്ചാല്‍ നടപടി ഉറപ്പ്, എംഎല്‍എമാരോട് സ്റ്റാലിന്‍
ചെന്നൈ: എംഎല്‍എമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്നാണ് മന്ത്രിമാര്‍ക്കടക്കം സ്റ്റാലിന്റെ കര്‍ശന നിര്‍ദേശം. നിയമസഭയില്‍ ചോദ്യങ്ങള്‍ ഉയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ പ്രശംസ വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. താന്‍ ഇതൊരു അപേക്ഷയായിട്ടല്ല പറയുന്നതെന്നും, ഉത്തരവാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളിലും മറ്റ് വിഷയങ്ങളിലൂന്നിയുമാണ് സംസാരം വേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം ഡിഎംകെയിലെ പല നേതാക്കളും തന്നെ പ്രശംസിച്ച് സമയം പാഴാക്കുന്നതായിട്ടാണ് സ്റ്റാലിന്‍ കരുതുന്നത്.

ഇന്ന് നടന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ കടലൂര്‍ എംഎല്‍എ അയ്യപ്പന്‍ ദീര്‍ഘനേരം നടത്തിയ പ്രസംഗം സ്റ്റാലിനെ ചൊടിപ്പിച്ചിരുന്നു. സ്റ്റാലിനെയും മുന്‍ നേതാക്കളായ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരെയും പ്രശംസിച്ചായിരുന്നു സംസാരം. ഇതിനിടെ സ്റ്റാലിന്‍ ഇടപെടുകയും താക്കീത് നല്‍കുകയുമായിരുന്നു. ഇത്തരത്തിലുള്ള പുകഴ്ത്തല്‍ പ്രസംഗം നടത്തരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ നടപടിയെടുക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമാകുമെന്നതും സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഡിഎംകെ അംഗങ്ങള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്റ്റാലിന്റെ മുന്നറിയിപ്പ് പക്ഷേ അയ്യപ്പന്‍ ഗൗരവത്തോടെ എടുത്തിട്ടില്ല. കുറച്ച് കൂടി പുകഴ്ത്തിയ ശേഷമാണ് പ്രസംഗം അവസാനിപ്പിച്ചത്. തമിഴ്‌നാട് നിയമസഭയില്‍ ദീര്‍ഘനേരം ഭരണകക്ഷി അംഗങ്ങള്‍ ജയലളിതയെയും കരുണാനിധിയെയുമൊക്കെ പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു. ഇതിനെ പൊളിക്കാനുള്ള തീരുമാനത്തിലാണ് സ്റ്റാലിന്‍. പുതു രാഷ്ട്രീയ സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നാണ് സ്റ്റാലിന്‍ ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയ സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടെന്നും ആ തുക വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ഈ പദ്ധതിയിലൂടെ 13 കോടി രൂപ കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 65 ലക്ഷത്തോളം ബാഗുകളിലാണ് ജയലളിതയുടെയും എടപ്പാടിയുടെയും ചിത്രം പതിച്ചിരുന്നത്. ഇത് സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പദ്ധതികള്‍ മാറ്റുന്നത് നിത്യ സംഭവമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ് എന്ന് സ്റ്റാലിന്‍ തെളിയിക്കുകയാണ്. അതേസമയം ഡിഎംകെയുടെ പല മന്ത്രിമാരും രാഷ്ട്രീയ നിരീക്ഷകരും സ്റ്റാലിന്റെ തീരുമാനത്തെ പ്രശംസിക്കുകയാണ്. ഫോട്ടോ മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ നിങ്ങള്‍ മന്ത്രിയായി പാര്‍ട്ടിക്കാരെ പോലെ സംസാരിക്കാതിരിക്കൂ എന്ന് തന്നോട് പറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി പറഞ്ഞു.
നേരത്തെ അമ്മ കാന്റീന്‍ തകര്‍ത്തവരെ അറസ്റ്റ് ചെയ്തും, അത് പുനസ്ഥാപിച്ചും സ്റ്റാലിന്‍ കൈയ്യടി വാങ്ങിയിരുന്നു. നേരത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഡിഎംകെയുടെ മന്ത്രിക്കാര്‍ക്കൊപ്പമായിരുന്നു ഇരുന്നത്. എല്ലാവരെയും ഒന്നിച്ച് ചേര്‍ക്കാനാണ് സ്റ്റാലിന്റെ ശ്രമം. ഇതിനിടെ തമിഴ്‌നാട് നിയമസഭയില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെയും സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചു. അണ്ണാഡിഎംകെയും ബിജെപിയും സഭയില്‍ നിന്ന് ഇറങ്ങി പോയി. കര്‍ഷക വിരുദ്ധമാണ് ഈ നിയമങ്ങളെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങളോട് ചോദിക്കുക പോലും ചെയ്യാതെയാണ് ഈ നിയമം പാസാക്കിയതെന്നും സ്റ്റാലിന്‍ ആരോപിച്ചു.
Recommended Video
അതേസമയം കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക അഭിവൃദ്ധിയെയോ രാജ്യത്തെ കര്‍ഷകരെയോ സഹായിക്കില്ലെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. എത്രയും പെട്ടെന്ന് ഈ നിയമം പിന്‍വലിക്കണം. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ തമിഴ്‌നാട്ടില്‍ ആദ്യമായി പ്രത്യേക കാര്‍ഷിക ബജറ്റ് കൊണ്ടുവന്നത് തന്റെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications