രജനീകാന്ത് രാഷ്ട്രീയത്തില്‍ വരണ്ട: കോണ്‍ഗ്രസ്
ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് രാഷ്ട്രീയത്തില്‍ വരുന്നതിന് വിലക്കോ. മറ്റാര്‍ക്കുമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ വരുന്നതില്‍ എതിര്‍പ്പ്. കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഇ വി കെ എസ് ഇളങ്കോവനാണ് ഇക്കാര്യം പറഞ്ഞത്. രജനി രാഷ്ട്രീയത്തില്‍ വരരുത്. രാഷ്ട്രീയത്തിന് അതീതമായ തമിഴ്‌നാട്ടിലെ ആളുകള്‍ രജനീകാന്തിനെ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ ആരാധരരില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്.
തമിഴകത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി കൂടെ കൂട്ടാന്‍ ശ്രമം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയുടെ ഭാര്യ ലതയുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയും തുടങ്ങിവെച്ചിട്ടുണ്ട്. രജനീകാന്തിനെ മുന്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉള്ള രജനീകാന്തിന്റെ അടുപ്പവും ഈ വാര്‍ത്തകള്‍ക്ക് കാരണമായി.

കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ ജി കെ വാസന്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ രജനി ചേര്‍ന്നേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന വാസന്‍ പോയതിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കോണ്‍ഗ്രസ് പരസ്യമായി ആവശ്യപ്പെട്ടത്. അഥവാ വരികയാണെങ്കില്‍ മതേതര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന കോണ്‍ഗ്രസില്‍ വേണം രജനി വരാനെന്നും ഇളങ്കോവന്‍ പറഞ്ഞു.
സിനിമാ ആരാധകരും അല്ലാത്തവരുമായി തമിഴ്‌നാട് ഉറ്റുനോക്കുന്ന കാര്യമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. സംസ്ഥാനം ഭരിക്കുന്ന ജയലളിതയുടെ എ ഐ എ ഡി എം കെയുമായി രജനിക്ക് അടുത്ത ബന്ധമല്ല ഉള്ളത്. നേരത്തെ ഡി എം കെ സഖ്യത്തിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും രജനീകാന്ത് കരുണാനിധി ക്യാംപിലും അംഗമല്ല. 80കളില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്ന കാര്‍തിക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.












Click it and Unblock the Notifications