ഓണത്തിന് ആര്‍ക്കും ഇലകള്‍ വേണ്ടേ? ഡിമാന്‍ഡ് ഇടിഞ്ഞെന്ന് എറണാകുളത്തെ കച്ചവടക്കാര്‍; വന്‍ നിരാശ
കൊച്ചി: ഓണത്തിന് ഇലയില്ലാതെ സദ്യ കഴിക്കാനാവുമോ? ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണല്ലേ. മലയാളികള്‍ക്ക് ഇലയില്ലാതെ എന്ത് ഓണസദ്യയാണ്. പക്ഷേ ഓണത്തിന് സദ്യ വിളമ്പാന്‍ വാഴയില അധികമാരും വാങ്ങാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തവണ ഡിമാന്‍ഡ് വളരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്ത് ഓണക്കാലത്ത് ചൂടപ്പം പോലെയാണ് സദ്യക്കുള്ള ഇലകള്‍ വിറ്റിരുന്നത്. ഇത്തവണ പക്ഷേ സദ്യക്ക് വിളമ്പാനുള്ള ഇലകള്‍ക്ക് ആവശ്യക്കാര്‍ അതിന്റെ പകുതി പോലുമില്ല. കഴിഞ്ഞ ഓണക്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ സാഹചര്യങ്ങള്‍ വളരെ മോശമാണ്. പല കാരണങ്ങളാണ് ഡിമാന്‍ഡ് കുറയുന്നതിന് വ്യാപാരികള്‍ പറയുന്നത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷം തന്നെ ചുരുക്കിയിരിക്കുകയാണ്. ഇത് ഇലയുടെ ആവശ്യം കുറയാന്‍ കാരണമായെന്ന് വ്യാപാരികള്‍ കരുതുന്നുണ്ട്. മുന്‍കാല കണക്കുകള്‍ നോക്കുമ്പോള്‍ ദയനീയമാണ് മൊത്ത കച്ചവടക്കാരുടെ അവസ്ഥ. എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ മൂന്ന് വാഴയില്ല മൊത്ത കച്ചടക്കാരാണ് ഉള്ളത്. ചെറുകിട വ്യാപാരികള്‍ വേറെയുമുണ്ട്.
നേരത്തെ ഓണക്കാലത്ത് ഒരു മൊത്ത കച്ചവടക്കാരന്‍ 125 മുതല്‍ 150 കെട്ട് ഇല വരെ പ്രതിദിനം വില്‍ക്കാറുണ്ടായിരുന്നു. ഒരു കെട്ടില്‍ 250 ഇലകളാണ് ഉണ്ടാവുക. 30000 മുതല്‍ 37500 വരെ ഇലകള്‍ ഒരു ദിവസം ഇത്തരത്തില്‍ വിറ്റിരുന്നവരുണ്ട്. ഇത്തവണ പക്ഷേ ഈ വില്‍പ്പനയെല്ലാം നേര്‍ പകുതിയായി മാറിയിരിക്കുകയാണ്. ഇത്തവണത്തെ ഓണം ഇല കച്ചവടക്കാര്‍ക്ക് ഇതോടെ കളറാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
മൊത്തക്കച്ചവടക്കാര്‍ ഇപ്പോള്‍ ആകെ വില്‍ക്കുന്നത് ശരാശരി 60 കെട്ട് ഇല മാത്രമാണ്. മൊത്തം 15000 ഇലകളാണ് വില്‍ക്കുന്നത്. ഇല വില്‍പ്പന മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തീരെ കുറവാണെന്ന് എറണാകുളം മാര്‍ക്കറ്റിലെ വാഴയിലെ വ്യാപാരി ബിനു പത്മനാഭന്‍ പറയുന്നു. നാടന്‍ വാഴയില്ല വിപണിയിലെത്തുന്നത് വളരെ കുറവാണ്.
തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലും വരുന്നത്. തേനി, ഭവാനി, സത്യമംഗലം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് എറണാകുളത്തേക്ക് വാഴയില എത്തുന്നത്. തമിഴ്‌നാട്ടില്‍ വാഴകള്‍ നേരത്തെ കനത്ത കാറ്റില്‍ നശിച്ചിരുന്നു. ഇത് ഇലയുടെ വരവിനെ ബാധിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നും മുമ്പ് വാഴയില എത്തിയിരുന്നു. ഇത്തവണ പക്ഷേ ഡിമാന്‍ഡ് കുറഞ്ഞത് കൊണ്ട് അതിന്റെ ആവശ്യം വന്നിട്ടില്ല. കര്‍ണാടകയിലെ ഇലയ്ക്ക് നിലവാരവും കുറവാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിച്ചു. ആറ് രൂപ വരെയാണ് ഇലയ്ക്ക് ഈടാക്കുന്നത്. നിലവാരം നോക്കിയാണ് വില തീരുമാനിക്കുന്നത്.












Click it and Unblock the Notifications