എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണക്കാലം ലക്ഷ്യമിട്ട് ലഹരിമരുന്നു സംഘങ്ങൾ; എക്സൈസ് പൊലീസ് നിരീക്ഷണം ശക്തം

  • By Desk
Google Oneindia Malayalam News

കൊച്ചി: ഓണക്കാലത്തു ലഹരിമരുന്നു സംഘങ്ങൾ പിടിമുറുക്കുമെന്ന് ആശങ്ക. ഇതേത്തുടർന്ന് എക്സൈസും പൊലീസും നിരീക്ഷണം ശക്തമാക്കി. ഒരു മാസം നീളുന്ന എക്സൈസിന്‍റെ എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കമാകും. ഷാഡോ പൊലീസും ആന്‍റി നാർക്കോട്ടിക് സ‌്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസഫ്) കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ഉൽസവ കാലം കണക്കിലെടുത്തു പ്രത്യേക നിരീക്ഷണങ്ങൾക്കുള്ള ഒരുക്കത്തിലാണ്.

വ്യാജമദ്യത്തേക്കാളുപരി ലഹരിമരുന്നുകളുടെ വ്യാപകമായ വിതരണമാണ് ആശങ്ക ജനിപ്പിക്കുന്നതെന്ന് എക്സൈസ്. അടുത്തിടെ ജില്ലയിൽ ലഹരികൂണുകളുമായി യുവാവ് പിടിയിലായ സംഭവം ഇതിനു തെളിവാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് പറഞ്ഞു. കോട വാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യനിർമാണം, അനധിക‌ൃത വിദേശ മദ്യ വിതരണം എന്നിവ‍യുടെ സ്ഥാനം ലഹരി മരുന്നുകൾ കയ്യടക്കിയിരിക്കുന്നു.

Ernakulam Map

കഞ്ചാവിനേക്കാളുപരി ലഹരിമരുന്നുകളും ആംപ്യൂളുകളുമാണു ജില്ലയിൽ ഇപ്പോൾ എത്തുന്നത്. എംഡിഎംഎ, എംഎൽഡി, എൽഎസ്ഡി സ്റ്റാംപുകൾ, ഹാഷിഷ് ഓയിൽ, നൈട്രോസൺ ലഹരി ഗുളികകൾ, ആംപ്യൂളുകൾ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. ഉൽസവ സീസണിൽ കഞ്ചാവിന്‍റെയും ലഹരി സാധനങ്ങളുടെയും കടത്തു കൂടുമെന്നാണു സൂചന. വിതരണത്തിനുള്ള ലഹരിസാധനങ്ങൾ ഓഗസ്റ്റ് ആദ്യ വാരം മുതൽ ശേഖരിച്ചു തുടങ്ങും.

തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നാണു കഞ്ചാവ് ഒഴുകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയ്നുകളിലാണ് കഞ്ചാവ് കടത്തുന്നത്. അടുത്തിടെയായി കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചു തലച്ചുമടായി വനമേഖലകളിലൂടെ കടത്തി എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ വിതരണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഓണക്കാലത്ത് റേവ് പാർട്ടികൾ എന്നറിയപ്പെടുന്ന രാത്രികാല ലഹരി പാർട്ടികൾ സജീവമാകും. ജില്ലയിലെ ഒട്ടേറെ റിസോർട്ടുകളും ലോഡ്ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണു ലഹരി പാർട്ടികൾ നടക്കുന്നത്. എൽഎസ്ഡി, എംഎൽഡി, എംഡിഎംഎ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതും ഇത്തരം പാർട്ടികളിലാണ്. റേവ് പാർട്ടികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ഡിജെ പാർട്ടികളും അനുവദിക്കരുതെന്നു കഴിഞ്ഞ പുതുവത്സര-ക്രിസ്മസ് ആഘോഷ വേളയിൽ ലോഡ്ജുകൾക്കും റിസോർട്ടുകൾക്കും പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. പൊലീസിന്‍റെയും എക്സൈസിന്‍റെയും കണ്ണുവെട്ടിച്ചു ഗോവയിൽ നടക്കുന്ന നിശാകാല പാർട്ടികൾക്കു ജില്ലയിൽ നിന്ന് ആൾക്കാരെ എത്തിക്കുന്ന സംഘങ്ങളും സജീവം.

ഓഗസ്റ്റ് ഒന്നു മുതൽ എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ചു 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. പുറമെ, ലഹരിവിതരണ സംഘങ്ങളെ നേരിടാൻ രണ്ടു സ്ട്രൈക്കിങ് ഫോഴ്സുകളും സദാ സജ്ജമായിരിക്കും. ജില്ലയെ രണ്ടു മേഖലകളായി തിരിച്ചാണ് ഇവ പ്രവർത്തിക്കുക. ഒരു ഇൻസ്പെക്റ്റർ, രണ്ട് പ്രിവന്‍റീവ് ഓഫിസർമാർ, നാലു സിവിൽ എക്സൈസ് ഓഫിസർമാർ എന്നിവരടങ്ങുന്നതാണു സ്ക്വാഡ്. മറൈൻ ഡ്രൈവ്, തൃപ്പൂണിത്തുറ തുടങ്ങി ഓണക്കാലത്ത് തിരക്കനുഭവപ്പെടുന്നിടങ്ങളിൽ എക്സൈസിന്‍റെ ഷാഡോ സംഘം നിരീക്ഷണത്തിനുണ്ടാകും.

മറൈൻ എൻഫോഴ്സ്മെന്‍റും തീരദേശ പൊലീസുമായി സഹകരിച്ചു കടലിൽ നിരീക്ഷണം നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ബോട്ടുകളിലും വള്ളങ്ങളിലും ലഹരി കടത്തിനുള്ള സാധ്യത കണക്കിലെടുത്താണിത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ലഹരികടത്തിനുള്ള സാധ്യത കണക്കിലെടുത്തു വാഹനപരിശോധന ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ernakulam
English summary
Ernakulam Local News; Excise police observation on drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X