1.17 ലക്ഷം രൂപയുടെ തത്തകളെയും പൂച്ചയെയും മോഷ്ടിച്ചു; മൂവര്‍ സംഘം അറസ്റ്റില്‍
കൊച്ചി: നഗരത്തിലെ പെറ്റ് ഷോപ്പിൽ നിന്ന് 1.17 ലക്ഷം രൂപയുടെ തത്തകളെയും പൂച്ചയെയും ഉൾപ്പെടെ മോഷ്ടിച്ച മൂവർ സംഘം അറസ്റ്റിൽ. കലൂർ കറുകപ്പള്ളിയിൽ സിറാജും (42) കൂട്ടാളികളായ എളമക്കര പുതുക്കല മാസംപടന്ന വീട്ടിൽ അനിൽകുമാർ (53), മരത്തറ നികത്തിൽ ബാലകൃഷ്ണൻ (ബാലപ്പൻ 40) എന്നിവരുമാണു നോർത്ത് പൊലീസിന്റെ പിടിയിലായത്.
കലൂർ മാർക്കറ്റിലെ സതീശന്റെ എഎ പെറ്റ്സ് കടയിലായിരുന്നു കവർച്ച. 60,000 രൂപ വിലയുള്ള മൂന്ന് ആഫ്രിക്കൻ തത്തകളെയും 12,000 രൂപ വിലയുള്ള പേർഷ്യൻ പൂച്ചയെയും 45000 രൂപ വിലയുള്ള ആഫ്രിക്കൻ ലവ് ബേർഡ്സിനെയുമാണു കൂടുകൾ സഹിതം കടത്തിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കടയുടെ ഇരുമ്പു ഷീറ്റുകൾ പൊളിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്.

മാർക്കറ്റിനടുത്ത് ഓട്ടോ കൺസൽറ്റൻസി നടത്തുന്ന സിറാജ് തത്തകളെയും പൂച്ചയെയും വാങ്ങാൻ കടയിലെത്തിയിരുന്നു. ഉയർന്ന വില കേട്ടു മടങ്ങി പോവുകയായിരുന്നു. തുടർന്നാണു കൂട്ടുകാരുമായി ചേർന്നു കവർച്ച ആസൂത്രണം ചെയ്തത്. അപരിചിതർ കൈയിലെടുത്താൽ ആഫ്രിക്കൻ തത്തകൾ ബഹളം വയ്ക്കുമെന്നറിയാവുന്ന പ്രതികൾ മോഷണത്തിന് ഏതാനും ദിവസം മുമ്പു കടയിൽ വന്നു തത്തകളെ താലോലിച്ചു മെരുക്കിയിരുന്നു. തത്തകളെ സിറാജിന്റെ വീട്ടിൽ നിന്നും പൂച്ചയെ അനിൽകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു.
മയക്കുമരുന്നു കേസിൽ 10 കൊല്ലത്തെ തടവു ശിക്ഷ കഴിഞ്ഞിറങ്ങിയ സിറാജ് വാഹന കൺസൽട്ടന്റായി ജോലി ചെയ്യുകയാണ്. ബാലകൃഷ്ണൻ അടിപിടി കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തത്തകളെയും പൂച്ചയെയും ഉടമയ്ക്കു തിരികെ നൽകാനും കോടതി അനുമതി നൽകി. നോർത്ത് എസ്ഐ വിബിൻദാസ്, എസ്ഐ അനസ്, എഎസ്ഐ ശ്രീകുമാർ, സീനിയർ സിപിഒമാരായ വിനോദ് കൃഷ്ണ, വിനോദ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.












Click it and Unblock the Notifications