മൂവാറ്റുപുഴയില്‍ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവിഭാഗം
കൊച്ചി: മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീന്‍, സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദീഖ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇവിടെ നിന്നും പഴകിയ അപ്പം, പൊറോട്ട, മീന്‍, പകുതി വേവിച്ച ചിക്കന്‍, അല്‍ഫാം എന്നിവയാണ് പിടികൂടിയത്.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ പരിധിയിലെ ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത ശരവണ ഹോട്ടലിന് പിഴ ചുമത്തി നോട്ടീസ് നല്‍കി.
കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നഗരസഭ പരിധിയിലെ സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്ഥാപനങ്ങളിലും നൂറ് ശതമാനം ശുദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നത് വരെ നഗരസഭ പരിധിയില്‍ പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.കെ സഹദേവന്‍ പറഞ്ഞു.
അതേസമയം വൈപ്പിന്‍, തൃപ്പൂണിത്തുറ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്തതും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.
തൃപ്പൂണിത്തുറ വൈക്കം റോഡിലെ എസ് ആര്‍ ഫുഡ്സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിര്‍ത്തലാക്കിയത്.
ജില്ലയില്‍ 11 സ്ഥാപനങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 13 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ വി. ഷണ്മുഖന്‍, ആതിര ദേവി, വിമല മാത്യു, നിമിഷ ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications