മോഫിയയുടെ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍, സിഐയ്‌ക്കെതിരെയും നടപടി വന്നേക്കും
കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ശക്തമാകുന്നു. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനെയും കുടുംബത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ വീട് പൂട്ടിയ നിലയിലായിരുന്നു. മോഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍ പോവുകയായിരുന്നു. ഇവരെ പോലീസ് കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും. കേസ് കൈകാര്യം ചെയ്ത സിഐയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇയാള്‍ മുമ്പും ഇത്തരത്തില്‍ വീഴ്ച്ച വരുത്തിയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സിഐക്കെതിരെയ്‌ക്കെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. പരാതിക്കാരിയുടെ ആത്മഹത്യക്ക് കാരണമായത് പോലീസ് വീഴ്ച്ചയാണ്. ആലുവ ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. അതേസമയം പോലീസ് ഉദ്യോഗസ്ഥന്‍ മോഫിയയുടെ പിതാവിനോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. താനൊക്കെ ഒരു തന്തയാണോ തുടങ്ങിയ രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതി. നേരത്തെ ഉത്ര കേസ് അന്വേഷിച്ചിരുന്നതും ഇതേ ഉദ്യോഗസ്ഥനാണ്. കേസില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ഇയാളെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുകയായിരുന്നു. അതിന് മുമ്പും മറ്റൊരു കേസില്‍ ഇയാളുടെ ഇടപെടലില്‍ അനാസ്ഥയുണ്ടായിരുന്നു. അന്നും പോലീസ് തലത്തില്‍ നടപടിക്ക് ശുപാര്‍ശയുണ്ടായിരുന്നു.
ആലുവ സിഐയ്‌ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാക്കുറിപ്പ് മോഫിയ എഴുതി വെച്ചിട്ടുണ്ട്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയും ഇവര്‍ അതില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പരാതി ലഭിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നാണ് ആരോപണം. കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും മോഫിയയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സിഐ മോഫിയയോട് അപമര്യാദയായി പെരുമാറിയെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ കുടുംബം ഉന്നയിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ അന്വേഷിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.
ആലുവ സ്റ്റേഷനില്‍ പരാതിക്കാരിയും അച്ഛനും എത്തിയപ്പോള്‍ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേസെടുക്കാത്തതെന്നതാണെന്ന് യുവതി പോലീസിനോട് ചോദിച്ചു. എന്നാല്‍ സിഐ ഉത്തരം നല്‍കാതെ വീണ്ടും സംസാരിച്ചു. ഭര്‍ത്താവും സംസാരിച്ച് തുടങ്ങിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സുഹൈലും അയാളും മാതാപിതാക്കളും ക്രിമിനലുകളാണ്. അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം, അതാണ് അവസാന ആഗ്രഹമെന്നും ആത്മഹത്യാക്കുറിപ്പില്‍ മോഫിയ പറയുന്നുണ്ട്.












Click it and Unblock the Notifications