ലുലു ഗ്രൂപ്പ് പറഞ്ഞാല്‍ പറഞ്ഞതാണ്: സന്ധ്യക്ക് ഇനി പേടിക്കാനില്ല, ജീവിതം സേഫാക്കി യൂസഫലി
കൊച്ചി: എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യ എന്ന യുവതിയുടെ ആധാരം തിരികെ എടുത്ത് കൊടുത്ത് ലുലു ഗ്രൂപ്പ്. എംഎ യൂസഫലി നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കുകയായിരുന്നു. നേരത്തെ വീട് നഷ്ടമായതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയുടെ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.
കടം തീര്‍ന്നതിലും, ആധാരം തിരികെ ലഭിച്ചതിലും എല്ലാവരോടും നന്ദിയുണ്ടെന്ന് സന്ധ്യ പറഞ്ഞു. വീടിന്റെ ആധാരം സന്ധ്യയുടെ പേരിലേക്ക് ആക്കി നല്‍കാമെന്ന് ഭര്‍ത്താവ് അറിയിച്ചിട്ടുണ്ട്. ഇതോടെ വീട് സന്ധ്യയുടെ പേരിലാവുമെന്നും ലുലു ഗ്രൂപ്പ് ആധാരം കൈമാറിയ ശേഷം അറിയിച്ചു.

നേരത്തെ കടബാധ്യതയെ തുടര്‍ന്ന് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് സന്ധ്യയ്ക്കും മകള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി രംഗത്തെത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായിട്ടാണ് പറവൂര്‍ സ്വദേശിനിയായ സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മക്കളും വീടില്‍ കയറാനാവാതെ പുറത്തുനില്‍ക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെയാണ് യൂസഫലി ധനസഹായവുമായി രംഗത്തെത്തിയത്. വാക്കുനല്‍കിയത് പ്രകാരം സന്ധ്യ മണപ്പുറം ഫിനാന്‍സിന് നല്‍കാനുള്ള തുക അടച്ചുതീര്‍ത്തിരുന്നു.
നേരത്തെ കോടതിയില്‍ കേസ് തീര്‍പ്പാകുന്നതോടെ സന്ധ്യയുടെ വീടിന്റെ ആധാരം കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതാണ് ഇപ്പോള്‍ സന്ധ്യക്ക് ലഭിച്ചിരുന്നത്. സന്ധ്യയുടെ മക്കളുടെ തുടര്‍ പഠനത്തിനായി മാസപ്പലിശ ലഭിക്കുന്ന വിധത്തില്‍ പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് നോര്‍ത്ത് പറവൂര്‍ ശാഖയിലും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് സന്ധ്യയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചതാണ്. അതോടെയാണ് വീടിന്റെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. ഇവര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ജപ്തി. അതുകൊണ്ട് വീടിനുള്ളില്‍ സാധനങ്ങള്‍ എടുക്കാന്‍ പോലും സാധിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ വീട്ടിനുള്ളിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കാമെന്ന് മണപ്പുറം ഫിനാന്‍സ് ലീഗല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
2019ലാണ് നാല് ലക്ഷം രൂപ സന്ധ്യ വായ്പയെടുക്കുന്നത്. പിന്നീടാണ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ അതില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം വായ്പ തിരിച്ചടവ് സാധ്യമാകാതെ വരികയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. ലുലു ഗ്രൂപ്പിന്റെ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചിരുന്നു.












Click it and Unblock the Notifications