ഐഐടിയില്‍ ബി.ടെക്, 20 ലക്ഷം ശമ്പളം! ; ആദ്യ വിവാഹം മറച്ച് വീണ്ടും വിവാഹം, യുവാവ് കുടുങ്ങി
കൊച്ചി: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെമ്പൂക്കാവ് കൊപ്പട്ടിയില്‍ വൈശാഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടിയില്‍ വിവാഹിതയായ എറണാകുളം സ്വദേശിയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ബീഹാര്‍ സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. ബി ടെക് പാസാകാത്ത പ്രതി തനിക്ക് സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചത്.
ബംഗളൂരുവില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. തുടര്‍ന്ന് ബീഹാറില്‍ പോയി ബന്ധുക്കളെ കണ്ടതിന് ശേഷമാണ് വിവാഹം കഴിച്ചത്. ഈ വിവാഹം നിലനില്‍ക്കെയാണ് എറണാകുളം സ്വദേശിനിയെ വിവാഹം കഴിച്ചത്. 20 ലക്ഷം വാര്‍ഷിക വരുമാനമുള്ള ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിച്ചത്.

ഐ ഐ ടി ചെന്നൈയില്‍ ഓണ്‍ലൈനായി പഠിക്കുന്ന ബി ടെക് ബിരുദധാരിയാണെന്നും ഇയാള്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് എറണാകുളം സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പ്രതി കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. ഇതോടെ പ്രതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷിക്കുകയായിരുന്നു.
ഇയാള്‍ ബി ടെക് പാസായിട്ടില്ലെന്നും തൊഴില്‍ രഹിതനാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. രണ്ടാമത്തെ വിവാഹത്തെ കുറിച്ച അറിഞ്ഞ ബീഹാര്‍ സ്വദേശി പാറ്റ്‌ന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവിടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. യുവാവ് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അറിവോടെയാണ് രണ്ടാമതും വിവാഹിതനായത്.
അതേസമയം, വിവാഹതട്ടിപ്പുകള്‍ വ്യാപമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മാട്രിമോണി വഴി തെറ്റായ വിവരങ്ങള്‍ നല്‍കി 15 വിവാഹം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാളിദാസ നഗര്‍ സ്വദേശിയായ കെ ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടര്‍, എഞ്ചിനിയര്‍, സിവില്‍ കോണ്‍ട്രാക്ടര്‍ എന്നീ ജോലികള്‍ ചെയ്യുന്ന ആളാണെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സാമ്പത്തിക ലാഭമായിരുന്നു പ്രതിയുടെ ലക്ഷ്യം.












Click it and Unblock the Notifications