പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്; തൃക്കാക്കരയില്‍ പ്രചാരണത്തിന് തുടക്കമിട്ട് ഉമ തോമസ്
തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ഉമ തോമസ് മാധ്യമങ്ങളെ കണ്ടു. സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടി നേതൃത്വത്തിന് ഉമ തോമസ് നന്ദി അറിയിച്ചു .
തൃക്കാക്കരയ്ക്ക് വേണ്ടി പി ടി പൂര്‍ത്തിയാക്കാതെ പോയ കാര്യങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടെയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രേയത്‌നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഉമ തോമസ് കോണ്‍ഗ്രസ് നേതാക്കളുടെ വിളി എത്തിയതോടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത് .
പി ടി ഇങ്ങനെ നിലപാടുകളുടെ രാജകുമാരനായി പ്രവര്‍ത്തിച്ചോ അതേ പോലെ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഞാന്‍ പ്രയത്‌നിക്കും അതിനായി നിങ്ങളുടെ എല്ലാവരുടേയും പിന്തുണയെനിക്ക് വേണമെന്നും ഉമ തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല. പിടി എന്നും പാര്‍ട്ടിയോട് അനുസരണ കാട്ടിയ നേതാവാണ്. എന്റെ കുടുംബവും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .
അതേസമയം, തൃക്കാക്കരയില്‍ യു ഡി എഫ് സ്വന്തമാക്കുന്ന ഓരോ വോട്ടും പിണറായി വിജയന്റെ അഴിമതി ഭരണത്തിന്റെ തിരുനെറ്റിയിലുള്ള കനത്ത പ്രഹരമായിരിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കമ്മീഷന്‍ റെയിലിന്റെ പേരില്‍ വീട്ടമ്മമാരെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ? കിടപ്പാടം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച പാവങ്ങളുടെ നെഞ്ചില്‍ ചവിട്ടിയ സി പി എമ്മിന്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ ? ക്രിസ്റ്റ്യന്‍ പുരോഹിതനെ വരെ മര്‍ദ്ദിച്ച പിണറായി വിജയന്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ? സ്ത്രീ സുരക്ഷ കടലാസില്‍ മാത്രമൊതുക്കിയ, മലയാളത്തിന്റെ പ്രിയ നായികയെ പോലും വേട്ടയാടിയവര്‍ക്കൊപ്പം നില്‍ക്കുന്ന സ്ത്രീവിരുദ്ധ ഭരണകൂടത്തിനെതിരെ ആത്മാഭിമാനമുള്ള സ്ത്രീകളുടെ പ്രതിഷേധം വോട്ട് കൊണ്ട് രേഖപ്പെടുത്തേണ്ടേ എന്നുെ കെ സുധാകരന്‍ ചോദിച്ചു .
സംഘപരിവാറിന് കുഴലൂതുന്ന, ഭരണത്തില്‍ ഗുജറാത്തിനെ മാതൃകയാക്കുന്ന പിണറായി വിജയന് നാം വോട്ട് കൊണ്ട് മറുപടി കൊടുക്കണ്ടേ?
അടിമുടി ദുരന്തമായ ആഭ്യന്തര വകുപ്പിന്റെ മുഖത്ത് നമുക്ക് വോട്ട് കൊണ്ട് പ്രഹരിക്കേണ്ടേ?
കെ എസ് ഇ ബി - കെ എസ് ആര്‍ ടി സി - ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കം സകല സ്ഥാപനങ്ങളെയും കടക്കെണിയില്‍ വീഴ്ത്തിയ പിണറായി വിജയനോട് വോട്ട് കൊണ്ട് പകരം വീട്ടേണ്ടേ?
കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിച്ച ആഭ്യന്തര മന്ത്രിയെ വോട്ട് കൊണ്ട് വിചാരണ നടത്തേണ്ടേ? വിലക്കയറ്റം രൂക്ഷമാക്കിയ, ഇന്ധന നികുതി പോലും കുറക്കാത്ത മുഖ്യമന്ത്രിയോട് വോട്ട് കൊണ്ട് പ്രതികരിക്കേണ്ടേ?
തൃക്കാക്കരയിലെ പ്രബുദ്ധ ജനത കേരളത്തിന് വേണ്ടി ഈ ഭരണകൂടത്തോട് പ്രതികരിക്കുമെന്ന് കേരളത്തിന്റെ പൊതു സമൂഹം പ്രത്യാശിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന പിണറായി ഭരണത്തിന് താക്കീത് നല്‍കാന്‍ ഓരോ വോട്ടും തൃക്കാക്കരയുടെ പെണ്‍കരുത്ത് ശ്രീമതി ഉമ തോമസിന് നല്‍കി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.