തൃക്കാക്കര പിടിച്ചെടുക്കാന്‍ സ്വരാജ് എത്തുമോ: കോണ്‍ഗ്രസില്‍ പ്രധാനമായും 3 പേരുകള്‍
കൊച്ചി: രണ്ടാം പിണറായി വിജയന്‍ സർക്കാർ നേരിടാന്‍ പോവുന്ന ആദ്യ പരീക്ഷണമാവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. പിടി തോമസിന്റെ അഭാവത്തില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സാധിച്ചാല്‍ നിയമസഭയിലെ അംഗബലം 100 തികയ്ക്കാമെന്ന് മാത്രമല്ല, കെ റെയില്‍ ഉള്‍പ്പടേയുള്ള പദ്ധതികള്‍ക്കുള്ള ജന പിന്തുണയായും വിലയിരുത്തപ്പെടും. യുഡിഎഫിനെ സംബന്ധിച്ചാവട്ടെ ഉറച്ച കോട്ട നഷ്ടമായാല്‍ അത് കനത്ത തിരിച്ചടിയാവും.
കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയർത്തി മണ്ഡലം നിലനിർത്താനാണ് അവരുടെ പരിശ്രമം. ഈ ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് അടക്കം മുന്നണികള്‍ കടക്കാന്‍ പോവുന്നത്. ഇരുപക്ഷത്തും ഔദ്യോഗികമായി സ്ഥാനാർത്ഥി ചർച്ചകള്‍ക്ക് തുടക്കമായിട്ടില്ലെങ്കിലും അനൌദ്യോഗിക ചർച്ചകള്‍ ആരംഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

2011 ലാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമാവുന്നത്. ബെന്നി ബഹനാന്‍ ആയിരുന്ന ആദ്യ വിജയി. 2016 ല്‍ സോളാർ വിവാദങ്ങളെ തുടർന്ന് ബെന്നി ബഹനാന്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ആദ്യമായി പിടി തോമസ് മത്സരിക്കാന്‍ എത്തി. ആദ്യ അങ്കത്തില്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു പിടിയുടെ എതിരാളി. അധികം വിയർക്കാതെ തന്നെ തൃക്കാക്കരയിലെ കന്നിയങ്കത്തില്‍ പിടിക്ക് വിജയിക്കാന്‍ സാധിച്ചു. 11966 ആയിരുന്നു ഭൂരിപക്ഷം.
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

2021 ലേക്ക് വന്നപ്പോള്‍ പിടി തോമസിന് എതിരാളിയായി എത്തിയത് ജേ ജേക്കബ്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ 2016 ലെ അതേ ഭൂരിപക്ഷം പിടിക്കാന്‍ പിടി തോമസിന് സാധിച്ചിരുന്നു. മാസങ്ങള്‍ക്കിപ്പുറം പിടി തോമസില്ലാതെ തൃക്കാക്കര മറ്റൊരു അങ്കത്തിലേക് കടക്കുമ്പോള്‍ മണ്ഡലം പിടിക്കാമെന്ന് തന്നെയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

കൊച്ചി മേയർ അനില്‍ കുമാർ മുതല്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജേക്കബ് തോമസ്, എം സ്വരാജ്, തൃക്കാക്കര നഗരസഭ മുൻ വൈസ് ചെയർമാൻ കെ ടി എൽദോ, മനു റോയി തുടങ്ങിയവരുടെ പേരുകളാണ് ഇടത് നിരയില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നത്. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ പാർട്ടി നേരത്തെ നടപടി എടുത്തിരുന്നു.

തൃപ്പൂണിത്തുറയില്‍ ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം സ്വാരാജിനെ തൃക്കാക്കരയിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് സിപിഎമ്മിന് വലിയ മുന്നേറ്റം നല്‍കും. എന്നാല്‍ മണ്ഡലത്തെ കൂടുതല്‍ അടുത്തറിയുന്ന ഒരു നേതാവ് സ്ഥാനാർത്ഥിയാണെങ്കില്‍ വിജയ സാധ്യതയേറും എന്ന വിലയിരുത്തലും ശക്തമാണ്. അനില്‍ കുമാറാവട്ടെ നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

യു ഡി എഫിലും അനൌദ്യോഗികമായി സ്ഥാനാർത്ഥി ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകള്‍ കേന്ദ്രീകരിച്ചാണ് ചർച്ചകള്‍. പി.ടിയോടു ജനങ്ങൾക്കുണ്ടായിരുന്ന വൈകാരിക അടുപ്പം ഉമയുടെ സ്ഥാനാർഥിത്വം എളുപ്പമാക്കുമെന്നും കരുതുന്നു.

എന്നാല്‍ മത്സരിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. എന്നാല്‍ പിടി തോമസിന്റെ അടുത്ത അനുയായികള്‍ അവർക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് സൂചന. മുന്പ് എ ഗ്രൂപ്പിന്റെ അക്കൌണ്ടിലായിരുന്നു തൃക്കാക്കര എന്നതിനാല്‍ തന്നെ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷ വെച്ച് പുലർത്തുന്ന നേതാക്കളുമുണ്ട്. എന്നാല്‍ പുതിയ നേതൃത്വം അതിന് തയ്യാറാവുമോയെന്നത് കണ്ടറിയണം.












Click it and Unblock the Notifications