മറയൂർ ചന്ദന ലേലത്തിൽ 37.22 കോടി രൂപയുടെ വിൽപ്പന; പങ്കെടുത്തത് 9 സ്ഥാപനങ്ങൾ
മൂന്നാർ: ഇടുക്കി മറയൂർ ചന്ദന ലേലത്തിൽ 37.22 കോടി രൂപയുടെ വിൽപ്പന. ഓൺലൈൻ ആയാണ് ലേലം സംഘടിപ്പിച്ചത്. 9 സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഈ വർഷത്തെ രണ്ടാമത്തെ ലേലം ആണ് ഇത്. നാല് ഘട്ടങ്ങളായി നടക്കുന്ന ഇ ലേലത്തിൽ 169 ലോട്ടുകളുമായി 68.632 ടൺ ചന്ദനമാണ് ലേലത്തിന് വെച്ചത്.
മൂന്ന് സെഷനുകളിലായി 30467.25 കിലോഗ്രാം ചന്ദനം വിൽപ്പന നടത്തി. ക്ലാസ് ഫോർ ഇനത്തിൽപ്പെട്ട ഗോട്ടിയ ചന്ദനത്തിന് ഏറ്റവും ഉയർന്ന വിലയായ 15711 രൂപ ലഭിച്ചു. സാപ്പ് വുഡ് ബില്ലറ്റിന് ലഭിച്ച 225 രൂപയാണ് ഏറ്റവും കുറഞ്ഞ വില.

ക്ലാസ് ആറിൽ പെടുന്ന ബഗ്രദാദ് ചന്ദനവും ക്ലാസ് പത്തില്‍ പെടുന്ന ജെയ്‌പൊഗല്‍ ചന്ദനവും എട്ട് ടണിലധികം വീതം ലേലത്തില്‍ എത്തിച്ചിരുന്നു. ഗാട്ട് ബഡ്‌ല വിഭാഗം 4.4 ടണിലധികവും പഞ്ചം മൂന്ന് ടണിലധികവും ചന്ദന വേരുകള്‍ 3.6 ടണിലധികവും ലേലത്തിന് വെച്ചിരുന്നു.
ലേലത്തിൽ പങ്കെടുത്ത കർണാടക സോപ്സ് 27 കോടി രൂപയ്ക്ക് 25.99 ടൺ ചന്ദനമാണ് വാങ്ങിയത്യ ജയ്പൂർ സി എം ടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂർ ക്ലൗഡ്സ്, തൃശൂർ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഔഷധി തുടങ്ങിയ സ്ഥാനങ്ങളും ക്ഷേത്രങ്ങളും ലേലത്തിൽ പങ്കെടുത്തു.
വനം വകുപ്പിന്റെ ചന്ദന റിസർവിൽ ഉണങ്ങി നിൽക്കുന്നതും മറിഞ്ഞുവീഴുന്നതുമായ മരങ്ങളാണ് പ്രധാനം ആയും ലേലത്തിനായി വെച്ചത്. ചന്ദനക്കടത്തുകാരിൽ നിന്ന് പിടികൂടുന്ന ഉരുപ്പടികളും ക്ഷേത്രങ്ങൾക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്ന് ചന്ദനത്തടികൾക്കായി ശേഖരിക്കുന്ന തുക ഭൂവുടമകൾക്ക് കൈമാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം മാർച്ചിലാണ് ആദ്യത്തെ ലേലം നടന്നത്. 31 കോടിയുടെ ചന്ദനമാണ് വിറ്റത്. കൊൽക്കത്ത ആസ്ഥാനമായ മെറ്റല് ആന്റ് സ്കാർപ്പ് ട്രേഡിംഗ് കമ്പനിക്കാണ് ലേലത്തിന്റെ നടത്തിപ്പ് ചുമതല.












Click it and Unblock the Notifications