മഴക്കെടുതിയും പനിയും കൂടുതല്‍; പക്ഷെ ഇടുക്കിയില്‍ മഴ കുറവ്..!
ഇടുക്കി: മണ്‍സൂണിന്റെ ആദ്യ മാസത്തില്‍ ഇടുക്കി ജില്ലയില്‍ ലഭിച്ച മഴ കുറവെന്ന് കണക്കുകള്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂണ്‍ ഒന്നു മുതല്‍ ജൂലൈ ഒമ്പത് രാവിലെ വരെ ലഭിച്ചത് 538.9 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ടത് 958.9 മില്ലി മീറ്റര്‍ മഴയാണ്. ഇത്തവണ 44 % കുറവാണ് കാലവര്‍ഷം എത്തി ഒരു മാസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ ലഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും മഴ കുറവ് ലഭിച്ചതും ഇടുക്കി ജില്ലയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച അളവില്‍ ലഭിക്കുന്നില്ല. അതേസമയം നിലവില്‍ ജില്ലയില്‍ മഴ മുന്നറിയിപ്പുകളൊന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മഴ കുറവാണെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും കാലവര്‍ഷക്കെടുതി രൂക്ഷമാണ്.

പലയിടത്തും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടു. കനത്ത മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും ഒരു മാസത്തിനിടെ 58.78 ലക്ഷം രൂപയുടെ കൃഷിനാശണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ വേനല്‍മഴയും ജില്ലയില്‍ സാധാരണയിലും കുറവായിരുന്നു. അതേസമയം ജില്ലയില്‍ പനിരോഗികളുടെ എണ്ണവും കൂടുതലാണ്.
ജില്ലയിലെ പല ആശുപത്രികളിലും പനി ബാധിതരുടെ തിരക്കാണ്. വൈറല്‍ പനിയാണ് ജില്ലയിലുടനീളം വ്യാപിക്കുന്നത്. ഡെങ്കിപ്പനി വ്യാപനവും ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറല്‍ പനി ബാധിച്ച് ഇന്നലെ മാത്രം 432 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഈ മാസം പത്ത് ദിവസത്തെ മാത്രം കണക്ക് പ്രകാരം 2755 പേരാണ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്.
സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനി ബാധിതരുടെ ഇതിലും കൂടും. ഇന്നലെ അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ഈ മാസം ജില്ലയില്‍ ഇതിനോടകം 39 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവരും ഏറെയാണ്. അതിനിെ ഈ മാസം രണ്ട് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications