ഇടുക്കി പൂപ്പാറയില്‍ വന്‍ തീപിടുത്തം; ജല്‍ ജീവന്‍ മിഷന്റെ പൈപ്പുകള്‍ കത്തിനശിച്ചു
ഇടുക്കി: പൂപ്പാറയില്‍ വന്‍ തീപിടുത്തം. ജല്‍ ജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിക്കായി ഇടുക്കി പൂപ്പാറ വില്ലേജ് ഓഫിസിന് സമീപം സൂക്ഷിച്ചിരുന്ന പൈപ്പുകള്‍ക്കാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ പൈപ്പുകള്‍ പൂര്‍ണമായി കത്തി നശിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. രണ്ട് കോടിയിലധികം രൂപയുടെ പൈപ്പ് കത്തി നശിച്ചിട്ടുണ്ട് എന്നാണ് ജലവിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം.
130 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാനുള്ള പൈപ്പുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഹൈ ഡെന്‍സിറ്റി പോളിത്തിലിന്‍ (എച്ച് ഡി പി) പൈപ്പുകളില്‍ തീ പിടിച്ചത്. നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏഴരയോടെയാണ് തീ അണച്ചത്. ഭൂരിഭാഗം പൈപ്പുകളും നശിച്ചിട്ടുണ്ട്.

അതേസമയം ജെ സി ബിയുടെ സഹായത്തോടെ ലക്ഷങ്ങള്‍ വിലവരുന്ന പൈപ്പ് ഇവിടെ നിന്നും മാറ്റിയിട്ടുണ്ട് എന്ന് ജലസേചന വകുപ്പ് കട്ടപ്പന ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്ങനെയാണ് തീ പടര്‍ന്നത് എന്ന് വ്യക്തമായിട്ടില്ല. അതിനിടെ തീപിടുത്തത്തില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. ശാന്തന്‍പാറ ഗവണ്‍മെന്റ് കോളജ് നിര്‍മിക്കുന്നതിനായി റവന്യു വകുപ്പ് വിട്ട് നല്‍കിയ ഭൂമിയിലാണ് ഈ പൈപ്പുകള്‍ സൂക്ഷിച്ചിരുന്നത്.
അതിനിടെ വേനല്‍ച്ചൂട് കടുത്തതോടെ ജില്ലയിലെ മലയോര മേഖലകളില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് തീര്‍ത്ഥമല മലനിരകളില്‍ പതിനൊന്നിടങ്ങളിലായി കാട്ടുതീ പടര്‍ന്നതായാണ് വിവരം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വേനല്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യാപകമായി മലനിരകളില്‍ കാട്ടുതീ പടരുകയാണ് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഒരു മാസത്തിന് മുമ്പും മറയൂര്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നിരുന്നു.












Click it and Unblock the Notifications