സർക്കാർ അഭിമന്യുവിന്റെ കുടുംബത്തോടൊപ്പം... സഹോദരിയുടെ വിവാഹത്തിന് എല്ലാവിധ സഹായവും നൽകുമെന്ന്മന്ത്രി
മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശനം നടത്തി. അഭിമന്യൂന്റെ വേര്‍പാടില്‍ നിശ്ചലമായിപ്പോയ പിതാവ് മനോഹരനെയും മാതാവ് പൂങ്കുഴിയെയും മന്ത്രി ആശ്വസിപ്പിച്ചു. രണ്ടുമാസം കഴിഞ്ഞു നടത്താനിരുന്ന അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹ നിശ്ചയത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുകൊടുത്തു.
പ്രദേശിക നേതാക്കളോടും സുഹൃത്തുക്കളോടും നിലവിലെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. വട്ടവട മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ വളരെ കുറവാണ്. ഉപരിപഠന സാധ്യതകള്‍ ഇല്ലാത്തതും ചെറുപ്പത്തില്‍ തന്നെ പ്രാരാപ്തങ്ങളിലേക്ക് പോകേണ്ടി വരുന്നതിനാലും വട്ടവടയിലെ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരാണ്.
ഇത്തരത്തിലൊരു പശ്ചാത്തലത്തെ അതിജീവിച്ച് ഉന്നത മാര്‍ക്കോടെയാണ് അഭിമന്യു മഹാരാജാസ് കോളേജില്‍ ഉപരിപഠനത്തിനെത്തിയത്. ഞായറാഴ്ച വൈകിട്ടോടെ വീട്ടുകാരോട് യാത്ര പറഞ്ഞ് മകന്‍ പോയത് ഇനിയൊരിക്കലും തിരിച്ചു വരാനല്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അഭിയുടെ കുടുംബത്തിന് ഇനിയും സമയംവേണം. നാട്ടുകാരും ആ തീര ദുഖത്തില്‍ നിന്ന മെല്ലെ കരകയറുന്നതേയുള്ളു.അഭിയുടെ വീട്ടില്‍ ചിലവഴിച്ച സമയമത്രയും വീടിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ മന്ത്രി എല്ലാ സഹായങ്ങളും നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ നേതൃത്വത്തിനൊപ്പമാണ് മന്ത്രി അഭിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.