ഇടുക്കി ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്; അഭിമന്യുവിന്റെ വട്ടവടയില്‍ യുഡിഎഫിന് ജയം
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 16 ഡിവിഷനില്‍ പത്തില്‍ എല്‍ഡിഎഫും ആറില്‍ യുഡിഎഫും ജയിച്ചു. ജോസഫ് പക്ഷമായിരുന്നു ജില്ലാ ഭരണം ആര്‍ക്ക് എന്ന് തീരുമാനിച്ചിരുന്നത്. ജോസഫ് പക്ഷം എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ യുഡിഎഫുമാണ് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണ ഇടതു തേരോട്ടത്തില്‍ എല്ലാം അടിമുടി മാറി. 2015ല്‍ 11 സീറ്റ് നേടി യുഡിഎഫ് ഭരിച്ച ഇടുക്കി ഇത്തവണ 10 നേടി എല്‍ഡിഎഫ് ഭരിക്കും.

ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍ഡിഎഫ് ജയിച്ചു. നെടുങ്കണ്ടവും കട്ടപ്പനയും മാത്രമാണ് 2015ല്‍ എല്‍ഡിഎഫ് ജയിച്ചിരുന്നത്. ഇത്തവണ അഴുത, ദേവികുളം ബ്ലോക്കുകള്‍ കൂടി പിടിച്ചു. അടിമാലി, ഇടുക്കി, തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ യുഡിഫിനൊപ്പം നിന്നു.
ജില്ലയിലെ രണ്ട് നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും 2015ല്‍ യുഡിഎഫിനൊപ്പമായിരുന്നു. കട്ടപ്പന ഇത്തവും യുഡിഎഫ് പിടിച്ചു. എന്നാല്‍ തൊടുപുഴയില്‍ ഭരണം ത്രിശങ്കുവിലാണ്. 35 അംഗ സഭയില്‍ 18 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരിക്കാം. യുഡിഎഫിന് 14 സീറ്റ് കിട്ടി. എല്‍ഡിഎഫിന് 11 സീറ്റും. എന്‍ഡിഎക്ക് 8 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫ് വിമതര്‍ രണ്ടു സീറ്റില്‍ ജയിച്ചു. ഇവരുടെ പിന്തുണ ലഭിച്ചാലും യുഡിഎഫിന് 16 സീറ്റാണ് കിട്ടുക. ഭരണം എങ്ങനെ എന്ന് വരുംദിവസങ്ങളില്‍ അറിയാം.
52 ഗ്രാമ പഞ്ചായത്തുകളാണ് ഇടുക്കിയിലുള്ളത്. ഒടുവിലെ കണക്കുകള്‍ പ്രകാരം 27 ഇടത്ത് യുഡിഎഫ് മുന്നിലാണ്. 23 ഇടത്ത് എല്‍ഡിഎഫും. രണ്ടിടത്ത് ചിത്രം വ്യക്തമല്ല. ഇടതു കോട്ടയായ വട്ടവട പഞ്ചായത്ത് യുഡിഎഫ് പിടിച്ചു എന്നതാണ് ശ്രദ്ധേയം. മഹാരാജാസ്‌കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ നാടാണ് വട്ടവട. പഞ്ചായത്തില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏഴ് സീറ്റ് യുഡിഎഫ് നേടി. ബിജെപി മൂന്ന് സീറ്റ് നേടി. എല്‍ഡിഎഫ് രണ്ടു സീറ്റില്‍ ഒതുങ്ങി.












Click it and Unblock the Notifications