തീപാറും പോരാട്ടം! പക്ഷേ, പോളിങ് കുത്തനെ ഇടിഞ്ഞു... കേരള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഇടുക്കി മണ്ണ്
ഇടുക്കി: ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഇടുക്കി മണ്ഡലം. കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്ന മണ്ഡലമാണ് ഇടുക്കി.
കേരള കോണ്‍ഗ്രസ്സുകള്‍ തമ്മിലാണ് പോരാട്ടം. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇത്തവണ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ കുറഞ്ഞു എന്നതാണ് ഇരു മുന്നണികളേയും ആശങ്കയിലാഴ്ത്തുന്നത്. ഇടുക്കി മണ്ഡലത്തില്‍ ഇത്തവണ ആകെ പോള്‍ ചെയ്തത് 68.92 ശതമാനം വോട്ടുകള്‍ ആണ്. കഴിഞ്ഞ തവണ 76.69 ശതമാനം ആയിരുന്നു പോളിങ്. എട്ട് ശതമാനത്തോളം കുറവാണ് ഇത്തവണ എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
ജോസ് കെ മാണിയുടെ മുന്നണി മാറ്റം തന്നെ ആണ് ഇത്തവണ ഇടുക്കി മണ്ഡലത്തിലെ നിര്‍ണായക ഘടകം. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച റോഷി അഗസ്റ്റിന് ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയം ആവര്‍ത്തിക്കാനാകുമോ എന്നാണ് ചോദ്യം. കഴിഞ്ഞ തവണ 9,323 വോട്ടിനായിരുന്നു റോഷി അഗസ്റ്റിന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരാജയപ്പെടുത്തിയത്.
പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ട് ജോസഫ് ഗ്രൂപ്പില്‍ അഭയം തേടുകയായിരുന്നു. അത് എത്തരത്തിലായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാവുക എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആശ്വാസമാണ് എല്‍ഡിഎഫിന് മണ്ഡലത്തിലുള്ളത്.












Click it and Unblock the Notifications