ദേവികുളത്തെ വോട്ട് ഉറപ്പാക്കണം; മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ തിരികെയെത്തിക്കാന്‍ സിപിഎം
ഇടുക്കി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാന്‍ സി പി എം ശ്രമം. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് രാജേന്ദ്രനെ. 2023 ജനുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ രാജേന്ദ്രന്‍ തയാറായിരുന്നില്ല. തമിഴ് വംശജര്‍ ഉള്‍പ്പെടുന്ന തോട്ടം മേഖലയില്‍ സി പി എമ്മിന് ശക്തനായ നേതാക്കളില്ല എന്നതാണ് രാജേന്ദ്രനിലേക്ക് സി പി എം തിരിയാന്‍ കാരണം. രാജേന്ദ്രനെ മടക്കി കൊണ്ടുവന്ന് രാജേന്ദ്രനൊപ്പം പാര്‍ട്ടിക്കെതിരെ ഇടഞ്ഞു നില്‍ക്കുന്ന വിഭാഗത്തെ കൂടി ഒപ്പം കൂട്ടാമെന്നാണ് സി പി എമ്മിന്റെ ആലോചന.

കഴിഞ്ഞ മാസം തന്നെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തി സജീവമാകണമെന്ന് ആവശ്യപ്പെട്ടതായും ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുമെന്ന് അറിയിച്ചതായും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എം വി ഗോവിന്ദന്റെ നിര്‍ദേശ പ്രകാരം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മൂന്നാറിലെത്തി രാജേന്ദ്രനുമായി ചര്‍ച്ച നടത്തി എന്നാണ് വിവരം.
പാര്‍ട്ടിയില്‍ സീനിയോറിറ്റിക്ക് അനുസരിച്ചുള്ള പദവി നല്‍കണം എന്നതടക്കമുള്ള തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയെ അറിയിച്ചു എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം എം മണി അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലും ഇടത് അനുഭാവം പുലര്‍ത്തി മറ്റ് പാര്‍ട്ടികളിലേക്ക് പോകാതിരുന്നതാണ് രാജേന്ദ്രനെ തിരികെ കൊണ്ടുവരാന്‍ സി പി എമ്മിന് പ്രേരിപ്പിച്ചത്. 15 വര്‍ഷം എം എല്‍ എയായിരുന്ന നേതാവാണ് എസ് രാജേന്ദ്രന്‍. അതേസമയം ജോയ്‌സ് ജോര്‍ജ് തന്നെയാകും ഇത്തവണയും ഇടുക്കിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
2014 ല്‍ ജോയ്‌സ് ജോര്‍ജിലൂടെ മണ്ഡലം എല്‍ ഡി എഫ് പിടിച്ചിരുന്നു. എന്നാല്‍ 2019 ല്‍ ഡീന്‍ കുര്യാക്കോസിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും യു ഡി എഫില്‍ നിന്ന് ഡീന്‍ കുര്യാക്കോസ് തന്നെയായിരിക്കും മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications