ദേവികുളത്തെ 530 അനധികൃത രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കും, റവന്യൂ വകുപ്പ് ഉത്തരവിറക്കി
ഇടുക്കി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 530 അനധികൃത പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാല് വര്‍ഷം നീണ്ട പരിശോധനങ്ങള്‍ക്ക് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു എംഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങളെന്ന് അറിയപ്പെടുന്നത്.

ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കിയവയില്‍ ഉള്ളത്. സംസ്ഥാനത്ത് ഭൂമി കൈയ്യേറങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടിട്ടുള്ളവയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് രവീന്ദ്രന്‍ ഇറക്കിയ പട്ടയങ്ങള്‍ അന്നേ വന്‍ വിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് വാരിക്കോരി പട്ടയങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി. റവന്യൂ വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘം ഇക്കാര്യങ്ങള്‍ നാല് വര്‍ഷത്തോളം അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ പട്ടയങ്ങള്‍ 64ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചത്.
1999ല്‍ ജില്ലാ കളക്ടറായിരുന്ന വിആര്‍ പത്മനാഭന്റെ ഉത്തരവ് പ്രകാരമാണ് പട്ടയം നല്‍കാന്‍ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. കളക്ടറുടെ ഉത്തരവ്, സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ഓര്‍ഡര്‍ വഴി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാന്‍ തിരക്കിനിടയില്‍ റവന്യൂ വകുപ്പ് മറക്കുകയും ചെയ്തു. അതോടെ നിയമപ്രകാരം രവീന്ദ്രന്‍ തഹസില്‍ദാര്‍ ആയി. പട്ടയം ഒപ്പിട്ട് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍ക്ക് മാത്രമാണെന്നാണ് ചട്ടം. ഇതോടെ രവീന്ദ്രന്‍ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങള്‍ ചട്ടവിരുദ്ധമാവുകയും ചെയ്തു. ഇതോടെ ഇവ റദ്ദാക്കുകയല്ലാതെ റവന്യൂ വകുപ്പിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
ഇടുക്കിയിലെ പല പാര്‍ട്ടി ഓഫീസുകള്‍ക്കും രവീന്ദ്രന്‍ പട്ടയമാണെന്ന ആക്ഷേപവും ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം പട്ടയം റദ്ദാക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഉടമകള്‍ക്ക് പുതിയ അപേക്ഷ വേണമെങ്കില്‍ നല്‍കാം. ഇതും ഡെപ്യൂട്ടി തഹസില്‍ദാരും റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം പരിശോധിക്കണം. മൂന്നാര്‍ ദൗത്യ കാലത്താണ് രവീന്ദ്രന്‍ പട്ടയങ്ങളില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ വ്യാജ പട്ടയങ്ങള്‍ അല്ല താന്‍ നല്‍കിയതെന്ന നിലപാടിലായിരുന്നു രവീന്ദ്രന്‍. കോടതിയില്‍ അടക്കം സര്‍ക്കാര്‍ നിലപാട് മാറ്റിയിരുന്നു.












Click it and Unblock the Notifications