ധീരജ് കേസില്‍ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; സംസ്‌കാരം വൈകീട്ട് കണ്ണൂരില്‍
ഇടുക്കി: എന്‍ജിനിയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് എഫ്‌ഐആര്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നിഖിലിന്റെ സുഹൃത്ത് ജെറിന്‍ ജോജോയ്‌ക്കെതിരെയും ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇടുക്കി കരിമണലില്‍ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. വധശ്രമം, സംഘം ചേര്‍ന്നു എന്നീ വകുപ്പുകളാണ് ജെറിനെതിരേയുള്ളത്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് വിവരം. ധീരജിന് പുറമെ കുത്തേറ്റ തൃശൂര്‍ സ്വദേശി അഭിജിത്ത്, കൊല്ലം സ്വദേശി അമര്‍ എന്നിവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ധീരജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സിപിഎം ഇടുക്കി ജില്ലാ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാകും വിലാപ യാത്ര. വിവിധ ജില്ലകളില്‍ പൊതുദര്‍ശനമുണ്ടാകും. കണ്ണൂര്‍ തൃച്ചംബരം പട്ടപ്പാറയിലെ ശ്മശാനത്തോട് ചേര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം വാങ്ങിയ സ്ഥലത്തായിരിക്കും സംസ്‌കാരം. വീടിന് സമീപത്തായി സ്മാരക മന്ദിരം നിര്‍മിക്കും. വൈകീട്ട് അഞ്ച് മണിക്ക് മൃതദേഹം കണ്ണൂരിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തലശേരി, കണ്ണൂര്‍, തളിപ്പറമ്പ് വഴിയാകും വീട്ടിലെത്തിക്കുക. പലയിടത്തായി പൊതുദര്‍ശനമുണ്ട്. ഇന്ന് വൈകീട്ട് തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ധീരജിന്റെ കൊലപാതകം നടന്ന പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധവും സംഘര്‍ഷവും നടന്നിരുന്നു. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ ശേഷം പലയിടത്തും കല്ലേറി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷന്‍ വേദിക്കരികില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി.
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. പത്തനംതിട്ട മുസലിയാര്‍ കോളജില്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എറണാകുളം മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസിന് പുറത്തുവച്ചാണ് ധീരജിനെ കുത്തിയത്. തിങ്കളാഴ്ച കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തിരഞ്ഞെടുപ്പ് വിഷയത്തില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്.












Click it and Unblock the Notifications