കുടുംബവുമായി വിനോദയാത്രയ്‌ക്കെത്തി സ്വർണം മോഷ്ടിച്ചു; മൂന്നാറിൽ അറസ്റ്റിലായത് അതിസമ്പന്നയായ സ്ത്രീ
മുന്നാര്‍: മൂന്നാറിലെ സ്വര്‍ണക്കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് ഒരു സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹാന ഹുസൈന്‍ ഫറൂക്കാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തിട്ടുണ്ട്.

മൂന്നാറില്‍ കുടുംബത്തോടൊപ്പം വിനോദ യാത്രയ്‌ക്കെത്തിയ ഇവര്‍ മടങ്ങുന്ന ദിവസം ഒപ്പമുള്ളവരറിയാതെ മോഷണം നടത്തുകയായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇവര്‍ അതിസമ്പന്നമായ ഒരു കുടുംബത്തിലെ അംഗമാണെന്നാണ് പൊലീസ് പറയുന്നത്. ജൂലായ് 16ന് ആണ് ജി എച്ച് റോഡിലെ ഐഡിയല്‍ ജുവലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇവര്‍ കടയില്‍ എത്തിയത്.

മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങി 78,000 രൂപയും നല്‍കി. അഞ്ച് പവന്‍ വരുന്ന മറ്റൊരു മാലയും ഇവര്‍ വാങ്ങി. വൈകീട്ട് ഭര്‍ത്താവുമൊത്ത് വാങ്ങാമെന്നും പറഞ്ഞ് അഡ്വാന്‍സ് നല്‍കിയാണ് ഇവര്‍ കടയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ രാത്രി കടയിലെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യുമ്പോഴാണ് ആഭരണത്തില്‍ കുറവ് സംഭവിച്ചതായി കണ്ടെത്തുന്നത്. സി സി ടി വി പരിശോധിച്ചപ്പോള്‍ ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് മാലകള്‍ ബാഗില്‍ ഇടുകയായിരുന്നു.

തുടര്‍ന്ന് കടയുടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ടൗണിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി. തുടര്‍ന്ന് ഇവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോ ട്രാവലറില്‍ കയറിപ്പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം ചെന്നൈയിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ ഡി വൈ എസ് പി. കെ ആര്‍. മനോജിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ. മനേഷ് കെ പൗലോസ്, എസ് ഐ മാരായ ഷാഹുല്‍ ഹമീദ്, കെ ഡി. മണിയന്‍,
എസ് സി പി ഒ മാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രഞ്ജിനി വി ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications