യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 14 കാരി, പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ അറസ്റ്റില്‍
ലഖ്നൗ: രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ബുലന്ദ്ഷഹറില്‍ 14 വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത 4 പേരെ അറസ്റ്റ് ചെയ്തതായി ബുലന്ദ്ഷഹര്‍ എസ്പി സന്തോഷ് കുമാര്‍ സിങിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുലന്ദ്ഷഹറിലെ പഹാസു പ്രദേശത്ത് ഡിസംബര്‍ 3 നായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. 3 പേരെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒരാളെ ദൃശ്യങ്ങല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 4 പ്രതികളേയും പിടികൂടാന്‍ സാധിച്ചിട്ടുണ്ടെന്നും സന്തോഷ് കുമാര്‍ സിങ് വ്യക്തമാക്കി.

അതേസമയം ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി കൊന്ന സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. രാത്രി 11.40 ന് യുവതി മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകായിരുന്നു.
ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേ വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു യുവതിക്കെതിരെ ആക്രമണം ഉണ്ടായത്. ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പോലീസിന് പരാതി നല്‍കിയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്.












Click it and Unblock the Notifications