യുപി ബിജെപിയെ കൈവിട്ടാൽ 2024ല്‍ കളിമാറും; യോഗി ക്യാമ്പില്‍ പുതിയ നീക്കങ്ങള്‍, പദ്ധതികള്‍ ഇങ്ങനെ
ലക്‌നൗ: 3 ലോക്‌സഭ മണ്ഡലങ്ങളിലും 29 നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപി ശരിക്കും ഞെട്ടിയിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടമാണെങ്കിലും പല നിര്‍ണായക സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു മുന്നണി നേരിട്ടത്. അടുത്ത വര്‍ഷം ഏഴ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശങ്കയുടെ മുള്‍മുനയിലാണ് ബിജെപി നേതൃത്വം.

ഉത്തര്‍പ്രദേശ് അടക്കമുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്ക ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ നിര്‍ണായക നീക്കങ്ങള്‍ ബിജെപിയുടെ ക്യാമ്പില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പുറമെ, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വിലയില്‍ അധിക കുറവ് പ്രഖ്യാപിക്കുകയും മാര്‍ച്ചില്‍ വരുന്ന ഹോളി വരെ സംസ്ഥാനത്ത് സൗജന്യ റേഷന്‍ പദ്ധതി നീട്ടുകയും ചെയ്തിരിക്കുകയാണ്.

ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ധനനികുതി ഇളവും, തുടര്‍ന്ന് നികുതി കുറയ്ക്കാനുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനവും, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനും അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിനും മുമ്പായി ഭരണകക്ഷിക്ക് ഉയര്‍ന്ന ധാര്‍മ്മിക അടിത്തറ നല്‍കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ - ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടി നാണംകെട്ട തോല്‍വി നേരിട്ടപ്പോള്‍ ബിജെപി ഭരിക്കുന്ന അസമിലും മധ്യപ്രദേശിലും ഗണ്യമായ നേട്ടമുണ്ടാക്കി. എന്നിരുന്നാലും വരുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചന്നൊണ് സൂചന.

ഇതിന്റെ ഭാഗമായാണ്, കൊവിഡ് കാലത്ത് പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നീട്ടുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച അയോധ്യയിലെ ഒരു സമ്മേളനത്തില്‍ പറഞ്ഞത്. ഹോളിവരെ സൗജന്യ റേഷന്‍ തുടരാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ധനവില കുറച്ച ഇപ്പോഴുള്ള തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.

അടുത്ത തിരഞ്ഞെടുപ്പ് വരെ സൗജന്യ റേഷന്‍ ആനുകൂല്യങ്ങള്‍ ഫലപ്രദമായി നീട്ടിയ പ്രഖ്യാപനം, ഉത്തര്‍പ്രദേശില്‍ മാര്‍ച്ചോടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചാണെന്ന് ഒരു ബിജെപി നേതാവ് വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കുന്നതിനായി കഴിഞ്ഞയാഴ്ച ലക്നൗവിലെത്തിയ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, 2024ല്‍ ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.

2024ല്‍ മോദിജി പ്രധാനമന്ത്രിയായി തിരിച്ചെത്തണമെങ്കില്‍ 2022ല്‍ യോഗിജിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നാണ് എനിക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്. നാടിന്റെ പുരോഗതിക്ക് വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്നാണ് അമിത് ഷാ പറഞ്ഞത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായക സംസ്ഥാനമാണ്.

അതേസമയം, ഇന്ധനവില വര്‍ദ്ധനവിനെ പ്രതിപക്ഷത്തിന്റെ കടന്നാക്രമണവും കര്‍ഷകസമരവും ഒക്ടോബര്‍ 30ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ബി.ജെ.പിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള കാരണം ഇന്ധനവില ആയിരുന്നെങ്കില്‍ അസമിലും മധ്യപ്രദേശിലും തെലങ്കാനയിലും ഞങ്ങള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

അതേസമയം, ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍, പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, മണിപ്പൂര്‍, ത്രിപുര, ഗോവ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അധിക വെട്ടിക്കുറവും പ്രഖ്യാപിച്ചിരുന്നു. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications