24 മണിക്കൂർ നീണ്ട കാത്തിരിപ്പ്, ഭക്ഷണവും വിശ്രമവുമില്ല; തുർക്കിയിൽ കുടുങ്ങി 400 ഇൻഡിഗോ യാത്രക്കാർ, പ്രതിഷേധം
ഇസ്‌താംബൂൾ: ഇൻഡിഗോ വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടേണ്ട നാനൂറോളം യാത്രക്കാർ തുർക്കിയിലെ ഇസ്‌താംബൂളിൽ കുടുങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. മതിയായ ഭക്ഷണമോ വിശ്രമത്തിനോ താമസത്തിനോ ഉള്ള സൗകര്യമോ പോലും ലഭ്യമാകാതെ യാത്രക്കാർ ദുരിതത്തിൽ തുടരുകയാണ്. യാത്രക്കാരിൽ ചില സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയർത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മുംബൈയിലേക്കും ഡൽഹിയിലേക്കും യാത്ര ചെയ്യേണ്ടവരാണ് ഇസ്‌താംബൂളിൽ കുടുങ്ങിയത്. എയർലൈൻ ജീവനക്കാരിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് പറഞ്ഞ യാത്രക്കാർ ഭക്ഷണത്തിന്റെ അഭാവം, മോശം താമസസൗകര്യം എന്നിവ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ചിരുന്നു. നിരവധി യാത്രക്കാരൻ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഡിസംബർ 12ന് രാത്രി 8.10ന് ഇസ്‌താംബൂളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം അടുത്ത ദിവസം ഉച്ചയ്ക്ക് 1.30 വരെ വൈകിയത് മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്നാൽ വിമാനം വൈകുന്നതോ, സമയം പുനഃക്രമീകരിച്ചതോ ഇൻഡിഗോ അധികൃതർ തങ്ങളെ കൃത്യമായി അറിയിച്ചില്ലെന്നാണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ആരോപിക്കുന്നത്.
സമാനമായി ഡിസംബർ 12ന് രാത്രി 8.15ന് പുറപ്പെടേണ്ടിയിരുന്ന ഇസ്‌താംബൂളിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം ആദ്യം രാത്രി 11.00 മണിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് യാതൊരു മുന്നറിയിപ്പും കൂടാതെ പിറ്റേന്ന് രാവിലെ 10 മണിക്ക് പുനർനിശ്ചയിക്കുകയും ചെയ്‌തുവെന്നും യാത്രക്കാർ പറയുന്നു.
വിമാനം ഇത്രയധികം വൈകിയിട്ടും യാത്രക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ എയർലൈൻ പരാജയപ്പെടുകയായിരുന്നു. ഭക്ഷണവും താമസവും ലഭ്യമാക്കാത്തതിന് പുറമേ വിമാനത്തിന്റെ മറ്റ് വിവരങ്ങൾ കൈമാറാൻ എയർലൈൻ അധികൃതർ ശ്രമിച്ചില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ ചില യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.
ടർക്കിഷ് എയർലൈൻസ് ജീവനക്കാരാണ് നിലവിൽ തങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതെന്നും ഇൻഡിഗോയിൽ നിന്ന് ഔപചാരികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്നും യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതിയായ സൗകര്യങ്ങൾ ഇല്ലാതെ വന്നതോടെ നിരവധി യാത്രക്കാർക്ക് ഒറ്റ നിൽപ്പ് നിൽക്കേണ്ടി വന്നിരുന്നു.
ഇതിനിടെ ഇൻഡിഗോ യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും അവരുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. വീഴ്‌ച സംഭവിച്ചുവെന്ന് എയർലൈൻ അംഗീകരിച്ചെങ്കിലും ഇത്രയും നീണ്ട കാലതാമസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൃത്യമായ വിശദാംശങ്ങൾ അവർ നൽകിയിട്ടില്ല.












Click it and Unblock the Notifications