കേരളത്തില്‍ കൊലക്കയര്‍ കാത്ത് 15 പേര്‍, രാജ്യത്ത് 476 പേര്‍
ദില്ലി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇനി കഴുമരത്തിലേറാന്‍ എത്ര പേരുണ്ടെന്നറിയാമോ? നീതിന്യായ ചരിത്രത്തില്‍ ഒരിക്കലും നടന്നിട്ടിലാത്ത അസാധാരണമായ നടപടികള്‍ക്കൊടുവിലാണ് 1993ലെ മുംബൈസ്‌ഫോടന കേസുകളിലെ പ്രതിയായ യാക്കൂബ് മേമനെ വ്യാഴാഴ്ച രാവിലെ തൂക്കിലേറ്റിയത്.
2013ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. അതിലൊരാളായിരുന്നു ഇന്ന് തൂക്കിലേറ്റിയ യാക്കൂബ് മേമന്‍.15 പേരാണ് കൊലക്കയര്‍ കാത്ത് കേരളത്തില്‍ കഴിയുന്നത്. ഗോവിന്ദച്ചാമിയും റിപ്പര്‍ ജയാനന്ദനും ഉള്‍പ്പടെ 15 പേരും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് കഴിയുന്നത്.

ഏറ്റവും ഒടുവില്‍ വധശിക്ഷ ലഭിച്ച മലയാളി പട്ടാമ്പി ആമയൂരില്‍ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തുകയും ഒരു മകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പാലാ സ്വദേശി റെജികുമാറാണ്. പാലക്കാട് ജില്ലാ കോടതി 2009ല്‍ വിധിച്ച വധശിക്ഷ 2014 നവംബര്‍ 12 ന് ഹൈക്കോടതി ശരിവെച്ചു. ഇനി സുപ്രീംകോടതി കൂടി ശിക്ഷ ശരിവെയ്ക്കുകയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്താല്‍ റെജികുമാറിന് കൊലക്കയര്‍ മുറുകും എന്നതില്‍യാതൊരു സംശയവും ഇല്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നടന്ന ആദ്യത്തെ തൂക്കിക്കൊല 1949 ലായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയായിരുന്നു അന്ന് തൂക്കിലേറ്റിയത്. ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്. 1995 മുതല്‍ 2004 വരെ വധശിക്ഷകള്‍ നടന്നിട്ടില്ല. മേമന് മുമ്പ് മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി അജ്മല്‍ കസബിനെയായിരുന്നു തൂക്കിലേറ്റിയത്. 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂണെയിലെ യെര്‍വാദ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.












Click it and Unblock the Notifications