50 വര്‍ഷം നീണ്ട തര്‍ക്കത്തിന് പരിഹാരം; സംയുക്ത കരാറില്‍ ഒപ്പിട്ട് അസമും മേഘാലയയും
ന്യൂദല്‍ഹി: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അസം - മേഘാലയ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് അത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും ആണ് കരാറില്‍ ഒപ്പുവെച്ചത്. തങ്ങളുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള 50 വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനാണ് കരാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.

ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പു വെച്ചത് വടക്ക് - കിഴക്കന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ ഓഫീസില്‍ നടന്ന യോഗത്തില്‍ മേഘാലയ സര്‍ക്കാരിന്റെ 11 പ്രതിനിധികളും അസം സര്‍ക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു. അസം, മേഘാലയ സര്‍ക്കാരുകള്‍ 12 പ്രദേശങ്ങളില്‍ ആറിലും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കരട് പ്രമേയം കൊണ്ടുവന്നിരുന്നു.
അസമും മേഘാലയയും 885 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പങ്കിടുന്നത്. അപ്പര്‍ താരാബാരി, ഗസാങ് റിസര്‍വ് ഫോറസ്റ്റ്, ഹാഹിം, ലാങ്പിഹ്, ബോര്‍ഡുവാര്‍, ബോക്ലപാറ, നോങ്വ, മതാമൂര്‍, ഖാനപാറ-പിലാങ്കട്ട, ദേശ്ഡെമോറിയ ബ്ലോക്ക് ക, ബ്ലോക്ക് കക, ഖണ്ഡുലി, റെറ്റാചെറ എന്നീ പ്രദേശങ്ങളിലാണ് അസം-മേഘാലയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നത്. 1971 - ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലാണ് മേഘാലയയെ അസമില്‍ നിന്ന് വേര്‍പെടുത്തിയത്. ഈ നിയമം അത് വെല്ലുവിളിക്കുകയും തര്‍ക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
രണ്ട് വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന് ഈ വര്‍ഷം ജനുവരി മാസത്തില്‍ ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ സൂചന നല്‍കിയിരുന്നു. അസമിനും മേഘാലയയ്ക്കും ഇടയില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ഇടപെടുന്ന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് നിലനില്‍ക്കുമെന്നും കഴിഞ്ഞയാഴ്ച ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications