ആരോരുമില്ലാതെ ആരോരുമറിയാതെ അവധ് രാജകുമാരന് ദാരുണാന്ത്യം

  • Posted By:
Subscribe to Oneindia Malayalam

ഡല്‍ഹി: ഒരു കാലത്ത് പ്രശസ്തിയുടെയും പ്രൗഢിയുടെ അത്യുന്നതിയില്‍ വിരാജിച്ചിരുന്ന അവധ് രാജകുടുംബത്തിലെ രാജകുമാരന് ദാരുണാന്ത്യം. പരിചരിക്കാന്‍ ആരോരുമില്ലാതെ മരിച്ചുകിടക്കുന്ന കാണാന്‍ പോലും ആരുമില്ലാതെയായിരുന്നു അവധ് രാജാവ് നവാബ് വാജിദ് അലി ഷായുടെ പിന്‍ഗാമി 58കാരനായ അലി റാസ അവധിന്റെ അന്ത്യം. സപ്തംബര്‍ മൂന്നിനാണ് ഡല്‍ഹി ചാണക്യപുരിയിലെ 700 കൊല്ലം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ മല്‍ച്ചാ മഹലില്‍ അദ്ദേഹം അനാഥനായി മരണത്തിനു കീഴടങ്ങിയത്. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന ചെറുമുറിയില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. ബന്ധുക്കളെയോ പരിചയക്കാരെയോ തേടി പോലിസ് കുറേ ശ്രമിച്ചെങ്കിലും ഒരാളെ പോലും കണ്ടെത്താനായില്ല.

രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്‌?

1856 ല്‍ ബ്രിട്ടീഷുകാര്‍ നവാബിനെതിരേ തിരിഞ്ഞതോടെയാണ് അവധ് രാജവംശം ദുരിതത്തിലായത്. വൈകാതെ സ്വത്തുക്കള്‍ ബ്രിട്ടിഷുകാര്‍ കണ്ടുകെട്ടി. നവാബും കുടുംബാംഗങ്ങളും പിന്നീട് ജനശ്രദ്ധയില്‍നിന്നു മാഞ്ഞുപോയി. 1970 കളിലാണു നവാബിന്റെ ചെറുമകള്‍ ബീഗം വിലായത്ത് മഹലും മക്കളും വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.
മഹലും മക്കളായ സക്കീനയും റാസയും തങ്ങള്‍ക്കു കൊട്ടാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സമരം തുടങ്ങി. ഏതാനും സേവകരും കുടുംബത്തിനൊപ്പം ഡല്‍ഹിയിലെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ മടക്കിവേണമെന്നായിരുന്നു ആവശ്യം.

died

ലഖ്നൗവില്‍ വസതി നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. 1977 ജൂലൈ 18 ന് ഇതു സംബന്ധിച്ച് ഉത്തരവുമിറങ്ങി. എന്നാല്‍, ഡല്‍ഹിയില്‍ തന്നെ കൊട്ടാരം വേണമെന്ന വാദത്തില്‍ രാജകുടുംബം ഉറച്ചുനിന്നു. തങ്ങളെ ബലം പ്രയോഗിച്ചു റെയില്‍വേ സ്റ്റേഷനില്‍നിന്നു നീക്കിയാല്‍ ജീവനൊടുക്കുമെന്നുപോലും മഹല്‍ മുന്നറിയിപ്പ് നല്‍കി.
1985 ല്‍ അവര്‍ക്കു ഡല്‍ഹിയില്‍ ഒരു ഫ്ളാറ്റ് അനുവദിക്കപ്പെട്ടു. അത് ഏറ്റെടുക്കാന്‍ അവര്‍ വിസമ്മതിച്ചു. അവസാനം മല്‍ച്ചാ മാര്‍ഗിലെ വസതിയിലേക്ക് മാറാന്‍ രാജകുടുംബം തയാറായി. 700 വര്‍ഷം മുമ്പ് ഫിറോസ് ഷാ തുഗ്ലക് നിര്‍മിച്ച മാല്‍ച്ചാ മഹലിന്റെ ഒരു ഭാഗമാണു ലഭിച്ചത്.

പരിചാരകരും പട്ടികളുമൊക്കെയായി ആഘോഷത്തോടെയായിരുന്നു യാത്ര. വീണ്ടും മഹലും മക്കളും വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമായി. അയല്‍ക്കാരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും അകന്നായിരുന്നു പിന്നീട് അവരുടെ ജീവിതം. വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ മഹല്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അവസാനം, 1993 സെപ്റ്റംബര്‍ 10 ന് അവര്‍ ജീവനൊടുക്കി. രത്നങ്ങള്‍ പാലില്‍ ചേര്‍ത്തുകുടിച്ചായിരുന്നു ജീവനൊടുക്കിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സക്കീനയും മരിച്ചു. അതോടെ റാസ തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതിയോ വാതിലുകളോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ യാചകനായാണ് റാസ കഴിഞ്ഞത്. അയല്‍ക്കാര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് യാചകനെപ്പോലെ രാജകുമാരന്‍ ജീവിച്ചു. ഇടയിക്കൊക്കെ കാടുമൂടിയ പ്രദേശത്തുകൂടെ ഇയാള്‍ തനിച്ച് നടന്നുപോകുന്നത് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാറുണ്ടായിരുന്നു. കുറേദിവസം ഇതും കാണാതായതോടെ നടത്തിയ അന്വേഷണത്തിസലാണ് രാജകുമാരന്റെ ദാരുണാന്ത്യത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. മതില്‍ചാടിക്കടന്നെത്തിയവരാണു അലി റാസയുടെ മരണം സ്ഥിരീകരിച്ചത്. സ്വാഭാവിക മരണമാണെന്ന് പോലീസ് കണ്ടെത്തി. അവസാനം ഡല്‍ഹി ഗേറ്റിലെ സെമിത്തേരിയില്‍ വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ അദ്ദേഹത്തെ കബറടക്കി. അതോടെ അവധ് രാജകുടുംബത്തിന്റെ ഒരു ദുരന്ത അധ്യായം കൂടി അവിടെ അവസാനിച്ചു.

English summary
Prince Riaz Oudh was dead

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്