യുപിയിൽ ബിജെപി നേതാവിൻറെ കാർ റോഡിൽ; ആംബുലൻസിന്റെ വഴിമുടങ്ങി; ചികിത്സ കിട്ടാതെ രോഗി മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിൽ ബിജെപി നേതാവ് അശ്രദ്ധമായി കാർ പാർക്ക് ചെയ്ത് ആംബുലൻസിൻറെ വഴി തടസ്സപ്പെടുത്തിയത് മൂലം രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നടന്ന സംഭവത്തിൻറെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാവ് ഉമേഷ് മിശ്ര കാർ നിർത്തിയിട്ട് ഇറങ്ങിപ്പോയതാണ് രോഗി മരണപ്പെടാൻ ഇടയായതെന്നാണ് ഉയരുന്ന ആരോപണം. ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും രോഗിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് രോഗിയായ സുരേഷ് ചന്ദ്രയെ ഉടൻ തന്നെ ലഖ്‌നൗ ആശുപത്രിയിലേക്ക് റഫർ ചെയ്തു. രോഗിക്ക് ഹൃദയാഘാതമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ അവിടെ ഉമേഷ് മിശ്ര തന്റെ വാഗൺആർ കാർ റോഡരികിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്ത് പോയതിനാൽ ആംബുലൻസിന് കടന്നു പോകാൻ കഴിഞ്ഞില്ല. അങ്ങനെ ആംബുലൻസ് 30 മിനിറ്റിലധികം അവിടെ കുടുങ്ങി. അതിനിടെ വേദനകൊണ്ട് പുളഞ്ഞ സുരേഷ് ചന്ദ്ര മരിച്ചു.

പിന്നീട് തിരിച്ചെത്തിയ ബി.ജെ.പി നേതാവ് രോഷാകുലനാവുകയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബിജെപി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കർ പാണ്ഡെയുടെ സഹോദരനാണെന്ന് അവകാശപ്പെടുന്ന ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും പോലീസ് കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികൾ പകർത്തിയ വീഡിയോയിൽ കാണാം.
ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും തന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും തന്നെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയിൽ കാണാം. ഉമേഷ് മിശ്ര ഭീഷണിപ്പെടുത്തുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ സാക്ഷിയായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. തുടർന്ന് ഇയാൾ കാറിൽ സ്ഥലംവിട്ടു. ഇതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications