ദില്ലി തന്ത്രവുമായി ആം ആദ്മി ഉത്തർപ്രദേശിലേക്കും; മുഴുവൻ സീറ്റുകളിലും മത്സരിക്കും
ദില്ലി: ദില്ലിയിലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഉത്തർപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങാൻ ആം ആദ്മി പാർട്ടി. വരുന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കി. ദില്ലി തദ്ദേശ തിരഞ്ഞെടുപ്പിൽ പുറത്തിറക്കിയ പ്രകടന പത്രികയ്ക്ക് സമാനമായ രീതിയിലുള്ള പ്രകടന പത്രിക പുറത്തിറക്കാനാണ് തീരുമാനമെന്ന് ആപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴില്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (ആര്‍ ഡബ്ല്യൂ എ) മിനി കൗണ്‍സിലര്‍ ചുമതല നൽകുമെന്ന വാഗ്ദാനം യുപിയിലും നൽകുമെന്ന് നേതൃത്വം പറഞ്ഞു. ദില്ലിയെ അപേക്ഷയിച്ച് യു പിയിൽ മുനിസിപ്പൽ കോര്‍പ്പറേഷനില്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ താരതമ്യേന കുറവാണ്. ഗാസിയാബാദ്, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ആര്‍ ഡബ്ലൂ എ ഉള്ളത്.

സൗജന്യ കുടിവെള്ളം, ദില്ലിയിലേതിന് സമാനമായ മൊഹല്ല ക്ലിനിക്കുകൾ, അഴിമതി രഹിത ഭരണം തുടങ്ങിയ വാഗ്ദാനങ്ങളും ഉയർത്തിയാകും ആം ആദ്മി വോട്ട് തേടുകയെന്ന് ആം ആദ്മി സംസ്ഥാന വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്ന് കഴിഞ്ഞു. മേയർ, ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്നവരുടെ അപേക്ഷകൾ പരിശോധിക്കാൻ എ എ പി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ സ്ഥാനാർത്ഥികളെയൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേതാക്കളോട് പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

'ദില്ലി എംസിഡി തിരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശിലേയും അസമിലേയും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി വിജയം നേടിയിരുന്നു. ജനങ്ങൾക്ക് ആം ആദ്മിയിൽ വിശ്വാസമുണ്ട്. സാധാരണക്കാരുമായി അടുത്ത നിൽക്കുന്നവരാണെന്ന വിശ്വാസം നേടിയെടുക്കാൻ ഞങ്ങളുടെ സ്ഥാനാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്', മഹേശ്വരി അവകാശപ്പെട്ടു. ശുചീകരണം, ജലനികുതി, വീട്ടുനികുതി, പാർക്കിംഗ്, പൊതു പാർക്കുകളിലെ സൗകര്യങ്ങൾ എന്നിങ്ങനെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ഞങ്ങൾ പുറത്തിറക്കുക. മത്സരിക്കാൻ താത്പര്യം ഉള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുകയും സ്ക്രീനിംഗ് പുരോഗമിക്കുകയുമാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കുമെന്നും മഹേശ്വരി വ്യക്തമാക്കി.

2017 ലെ യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് നഗരപഞ്ചായത്ത് ചെയർപേഴ്സൺ, മൂന്ന് മുനിസിപ്പൽ കോർപറേഷൻ സീറ്റുകൾ, 17 നഗരപാലിക, 19 നഗരപഞ്ചായത്ത് സീറ്റുകളിൽ വിജയിക്കാൻ ആം ആദ്മിക്ക് സാധിച്ചിരുന്നു.നിലവിൽ യുപിയിൽ 17 മുനിസിപ്പൽ കോർപ്പറേഷനുകളും 200 നഗർ പാലിക പരിഷത്തുകളും 545 നഗർ പഞ്ചായത്തുകളും ഉൾപ്പെടെ 762 നഗര തദ്ദേശ സ്ഥാപനങ്ങളുമാണ് ഉള്ളത്.
ബി ജെ പി കോട്ടയായ ഗുജറാത്തിലും നേരത്തേ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ആം ആദ്മി നിയമസഭ പോരാട്ടത്തിനിറങ്ങിയത്. ബി ജെ പിയുടെ പ്രധാന കേന്ദ്രമായ സൂറത്തിലെ വൻ മുന്നേറ്റമായിരുന്നു ആം ആദ്മിയുടെ ആത്മവിശ്വാസം ഉയർത്തിയത്. എന്നാൽ നിയമസഭത തിരഞ്ഞെടുപ്പിൽ അട്ടിമറി പ്രതീക്ഷിച്ചിറങ്ങിയ ആം ആദ്മിക്ക് 5 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായത് വലിയ വിജയമാണെന്നായിരുന്നു ആം ആദ്മി നേതൃത്വം പ്രതികരിച്ചത്.












Click it and Unblock the Notifications